scorecardresearch

മിനിമം 10 രൂപ; ബസ് ചാര്‍ജ് വര്‍ധനയ്ക്ക് എല്‍ഡിഎഫ് അംഗീകാരം

നിരക്ക് വര്‍ധനവില്‍ ബസുടമകള്‍ അതൃപ്തി അറിയിച്ചു

മിനിമം 10 രൂപ; ബസ് ചാര്‍ജ് വര്‍ധനയ്ക്ക് എല്‍ഡിഎഫ് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എല്‍ഡിഎഫ്) യോഗത്തിലാണ് അംഗീകാരം നല്‍കിയത്. മിനിമം ചാര്‍ജ് പത്ത് രൂപയാക്കിയേക്കും. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വേണ്ടെന്നും എല്‍ഡിഎഫ് യോഗം തീരുമാനിച്ചതായാണ് ലഭിക്കുന്ന വിവരം. നിരക്ക് വര്‍ധനവില്‍ ബസുടമകള്‍ അതൃപ്തി അറിയിച്ചു.

“ബസ്, ഓട്ടോ-ടാക്സി എന്നിവയുടെ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഏറെക്കാലമായി മുന്നിലുള്ളതാണ്. ബസിന്റെ കാര്യത്തില്‍ മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് 10 രൂപയാക്കും. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഒരു രൂപ വച്ച് ഈടാക്കാം. നേരത്തെ ഇത് 90 പൈസയായിരുന്നു,” എല്‍ഡിഎഫ് യോഗത്തിന് ശേഷം ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

“വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം ബസ് ഉടമകള്‍ ശക്തമായി ഉന്നയിച്ചിരുന്നു. അവരുടെ ആവശ്യം അന്യായമാണെന്നും പറയാന്‍ കഴിയില്ല. ഇതേക്കുറിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്തു. കൂടുതല്‍ പരിശോധന ആവശ്യമാണ്. ഒരു കമ്മിഷനെ രൂപികരിച്ച് വിഷയം പരിശോധിച്ച് തീരുമാനത്തിലെത്തണമെന്നാണ് നിര്‍ദേശം,” ആന്റണി കൂട്ടിച്ചേര്‍ത്തു.

“ഓട്ടോ ടാക്സി എന്നിവയെ സംബന്ധിച്ചടത്തോളം മിനിമം ചാര്‍ജ് നിലവില്‍ ഒന്നര കിലോമീറ്ററിന് 25 രൂപയാണ്. ഇത് രണ്ട് കിലോ മീറ്റര്‍ വരെ 30 രൂപയാക്കി നിശ്ചയിച്ചിട്ടുണ്ട്. അധികം വരുന്ന ഓരോ കിലോ മീറ്ററിനും 12 രൂപയാണ് ഈടാക്കിയിരുന്നത്. ഇത് 15 രൂപയാക്കി ഉയര്‍ത്തി,” മന്ത്രി കൂട്ടിച്ചേര്‍ത്തു.

“ടാക്സി കാറുകള്‍- 1500 സിസിയില്‍ താഴെയുള്ള കാറുകള്‍ക്ക് അഞ്ച് കിലോ മീറ്റര്‍ വരെ മിനിമം ചാര്‍ജ് 175 രൂപയാണ്. ഇത് 200 രൂപയാക്കി വര്‍ധിപ്പിക്കുന്നതാണ്. അധികം വരുന്ന കിലോ മീറ്ററുകള്‍ക്ക് 15 രൂപയാണ് നിലവില്‍, ഇത് 18 രൂപയാക്കി ഉയര്‍ത്തും. 1500 സിസിയില്‍ മുകളിലുള്ള കാറുകള്‍ക്ക് മിനിമം ചാര്‍ജ് 225 രൂപയാക്കും (അഞ്ച് കിലോ മീറ്റര്‍). അധികം വരുന്ന ഓരോ കിലോ മീറ്ററിനും 20 രൂപയും,” മന്ത്രി വിശദീകരിച്ചു.

Also Read: Kerala Covid Cases 30 March 2022: സംസ്ഥാനത്ത് 438 പേര്‍ക്ക് കോവിഡ്; 3,410 സജീവ കേസുകള്‍

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Bus charge hike ldf meeting approves no change in students concession