തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കുന്ന കാര്യം ഇപ്പോൾ സർക്കാർ പരിഗണനയിലില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. ബസ് ചാർജ് വർധിപ്പിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും ലോക്ക്ഡൗണിനു ശേഷം മറ്റ് കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. താൽക്കാലികമായെങ്കിലും ബസ് ചാർജ് വർധിപ്പിക്കണമെന്ന് സ്വകാര്യ ബസുടമകൾ ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
അതേസമയം, ബസ് ചാർജ് വർധിപ്പിക്കണമെന്ന് സർക്കാരിനോട് ഗതാഗതവകുപ്പ് ശുപാർശ ചെയ്‌തിട്ടുണ്ട്. ലോക്ക്ഡൗണിനു ശേഷം സാമൂഹിക അകലം പാലിച്ച് നിയന്ത്രണങ്ങളോടെ സർവീസ് നടത്തുമ്പോഴുണ്ടാകുന്ന നഷ്ടം കുറയ്ക്കാനാണ് ഈ നിർദേശം. റോഡ് നികുതിയിലോ ഇന്ധന നികുതിയിലോ ഇളവ് നൽകണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: നടൻ രവി വള്ളത്തോൾ അന്തരിച്ചു
ലോക്ക്ഡൗണിനുശേഷം ബസിൽ രണ്ടുപേർക്കിരിക്കാവുന്ന സീറ്റിൽ ഒരാൾ മാത്രം, മൂന്നുപേർക്കിരിക്കാവുന്ന സീറ്റിൽ രണ്ടുപേർ, യാത്രക്കാരെ നിർത്തി കൊണ്ടുപോകരുത് തുടങ്ങിയ നിയന്ത്രണങ്ങളോടെ ബസ് സർവീസുകൾ തുടങ്ങാനാണ് സർക്കാർ ആലോചിച്ചിരുന്നത്. ഈ സാഹചര്യത്തിൽ ഒരു ബസ് ഓടിയിരുന്ന സ്ഥാനത്ത് മൂന്നു ബസുകൾ സർവീസ് നടത്തേണ്ടി വരും. മാത്രമല്ല ഒരു ദിവസം 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകും. ഈ നഷ്ടം നികത്താൻ കഴിയുന്ന തരത്തിൽ ടിക്കറ്റ് ചാർജ് കൂട്ടണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം.
കർശനമായ നിയന്ത്രണങ്ങൾ പാലിച്ചും നഷ്ടം സഹിച്ചും ബസ് സർവീസുകൾ നടത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി സ്വകാര്യ ബസ് ഉടമകൾ രംഗത്തുവന്നിട്ടുണ്ട്. ഒരു വർഷത്തേയ്ക്ക് ബസുകൾ ഓടിക്കാൻ സാധിക്കില്ലെന്ന് കാണിച്ച് ബസ് ഉടമകൾ സർക്കാരിന് സ്റ്റോപ്പേജ് അപേക്ഷ നൽകി. സംസ്ഥാനത്ത് ആകെ 12000 ത്തോളം ബസ്സുകളാണ് അപേക്ഷ നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം ഗതാഗത വകുപ്പ് സർക്കാരിനു മുന്നിൽ വച്ചത്.