തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധന ഉടൻ നടപ്പിലാക്കുമെന്ന് സൂചന. ബസ് ചാർജ് വർധനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ മിനിമം ചാർജ് പത്ത് രൂപയാക്കണമെന്ന് നിർദേശിക്കുന്നു. കമ്മിഷൻ റിപ്പോർട്ട് ഇന്ന് സർക്കാരിനു സമർപ്പിക്കും. ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ റിപ്പോർട്ട് പരിഗണിക്കും. ഇതിനുശേഷമായിരിക്കും ബസ് ചാർജ് വർധനവിനെ കുറിച്ച് അന്തിമ തീരുമാനത്തിലെത്തുക. കോവിഡ് കാലത്തേക്ക് മാത്രമുള്ള വർധനവായിരിക്കും ഇതെന്നാണ് സൂചന.
Read Also: മലയാളത്തിന്റെ ആക്ഷൻ കിങ് സുരേഷ് ഗോപിയുടെ 61-ാം ജന്മദിനം ഇന്ന്; ആരാധകർക്ക് സർപ്രെെസ്
നിലവിലെ സാഹചര്യത്തിൽ ബസ് ചാർജ് വർധിപ്പിക്കാനാണ് സാധ്യത. അഞ്ച് കിലോമീറ്ററിനു മിനിമം ചാർജ് പത്ത് രൂപയാക്കണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നത്. നേരത്തെ എട്ട് രൂപയായിരുന്നു. മിനിമം ചാർജിനു ശേഷമുള്ള ടിക്കറ്റ് നിരക്ക് ഓരോ രണ്ടര കിലോമീറ്ററിനും രണ്ട് രൂപ നിരക്കിൽ ഈടാക്കാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബസ് ചാർജ് വർധിപ്പിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ചു യാത്രക്കാരെ കൊണ്ടുപോകേണ്ടിവരും. ബസിൽ ഒരേസമയം യാത്ര ചെയ്യാൻ സാധിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്താൻ സാധ്യതയുണ്ട്.
Read Also: ലിവർപൂൾ പ്രീമിയർ ലീഗ് ചാംപ്യന്മാർ
അതേസമയം, ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ ബസ് ചാര്‍ജ് വര്‍ധന പരിഗണിക്കൂവെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. സ്വകാര്യ ബസുടമകളുടെ ആവശ്യത്തോടു സര്‍ക്കാരിന് അനുഭാവപൂര്‍ണമായ സമീപനമാണെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. ഇന്ധനവില വർധനവും കോവിഡ് പ്രതിസന്ധിയും സ്വകാര്യബസ് ഉടമകളെയും ജീവനക്കാരെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പല ബസുകളും സർവീസ് പൂർണമായി അവസാനിപ്പിച്ചിരിക്കുകയാണ്. ബസ് ചാർജ് വർധിപ്പിക്കാതെ മുന്നോട്ടുപോകാൻ സാധിക്കില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്.