തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു. മിനിമം ചാർജ് 12 രൂപയാക്കി. ഒരു കിലോമീറ്ററിന് ഇപ്പോൾ 70 പെെസയാണ് മിനിമം ചാർജ്. ഇത് ഒരു രൂപ പത്ത് പെെസയായി ഉയർത്തി. കിലോമീറ്ററിനു നാൽപ്പത് പെെസയാണ് വർധിപ്പിച്ചത്. ചാർജ് വർധന തൽക്കാലത്തേക്ക് മാത്രമാണെന്നും കോവിഡ് പ്രതിസന്ധി കഴിഞ്ഞാൽ സാധാരണനിലയിൽ ആകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് രോഗവ്യാപനത്തെ പ്രതിരോധിക്കാൻ ബസിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം 24 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കുറച്ചതിനാലാണ് ബസ് ചാർജ് വർധിപ്പിക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ
ജില്ല വിട്ടുള്ള യാത്രകൾക്ക് പാസ് വേണമെന്ന സമ്പ്രദായം നീക്കി. ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് യാത്ര ചെയ്യേവർ തിരിച്ചറിയിൽ കാർഡ് കയ്യിൽ കരുതിയാൽ മതി. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായിരിക്കണം യാത്ര. രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയാണ് പാസ് ഇല്ലാതെ ജില്ല വിട്ടുള്ള യാത്രയ്ക്ക് അനുമതിയുള്ളത്. രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെയുള്ള സമയത്ത് യാത്ര ചെയ്യണമെങ്കിൽ പാസ് വേണം.
Read Also: ലോക്ക്ഡൗൺ നാലാം ഘട്ടം: സംസ്ഥാന ഇളവുകൾ എന്തൊക്കെയെന്ന് അറിയാം
പൊതുഗതാഗതത്തിലും കൂടുതൽ ഇളവുകൾ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ജില്ലയ്ക്കുള്ളിൽ പൊതുഗതാഗതം അനുവദിക്കും. സീറ്റിങ് കപ്പാസിറ്റിയുടെ പകുതി യാത്രക്കാരെ അനുവദിക്കും. കണ്ടെയ്ൻമെന്റ് സോണ്‍ ഒഴികെ ജില്ലയ്ക്കുള്ളിലെ സഞ്ചാരത്തിന് തടസമില്ല. ടാക്സിയിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും ഡ്രെെവർക്ക് പുറമേ രണ്ട് പേർക്ക് യാത്ര ചെയ്യാം. കുടുംബാംഗങ്ങൾ ആണെങ്കിൽ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഓട്ടോറിക്ഷ സർവീസ് പുനരാരംഭിക്കാം. ഓട്ടോറിക്ഷയിൽ ഡ്രെെവറെ കൂടാതെ ഒരു യാത്രക്കാരൻ മാത്രം. കുടുംബാംഗങ്ങൾ ആണെങ്കിൽ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഇരുചക്രവാഹനങ്ങളില്‍ കുടുംബാംഗം ആണെങ്കില്‍ മാത്രം പിന്‍സീറ്റ് യാത്രയാകാം.