വര്‍ക്കല: അമ്മയ്‌ക്കൊപ്പം ബസ്സിൽ നിന്നിറങ്ങവെ മൂന്നു വയസുകാരി അതേ ബസിനടിയില്‍പ്പെട്ട് മരിച്ചു. ഇടവ കാപ്പില്‍ കാക്കോലുവിള വീട്ടില്‍ മനീഷ് – അഞ്ജു ദമ്പതികളുടെ മകള്‍ അക്ഷയയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ കാപ്പില്‍ എച്ച്എസ് റോഡില്‍ കാട്ടുവിള കശുവണ്ടി ഓഫീസ് ജംങ്ഷനില്‍ വച്ചാണ് അപകടം നടന്നത്. അഞ്ജുവിന്റെ കാപ്പിലിലുള്ള വീട്ടില്‍ നിന്നു മനീഷിന്റെ കാട്ടുവിളയിലെ വീട്ടിലേക്ക് യാത്രചെയ്യുകയായിരുന്നു അക്ഷയയും അഞ്ജുവും.

കാട്ടുവിള ജംങ്ഷനില്‍ ഇറങ്ങവെ അമ്മയുടെ കൈവിട്ടുനീങ്ങിയ അക്ഷയ ബസ്സിനടിയില്‍പെടുകയായിരുന്നു. ഇതിനിടെ ബസ് മുന്നോട്ടെടുക്കുകയും പിറകുവശത്തെ ടയര്‍ കുട്ടിയുടെ തലയിലൂടെ കയറി തല്‍ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു

കാപ്പില്‍ എച്ച്എസ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിജയന്‍ എന്ന സ്വകാര്യ ബസ്സിലാണ് ഇരുവരും യാത്ര ചെയ്തത്. അയിരൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കളേറ്റുവാങ്ങി സംസ്‌കരിച്ചു. മനീഷിനും അഞ്ജുവിനും ഒന്നരവയസുളള ഒരാണ്‍കുട്ടി കൂടിയുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ