scorecardresearch
Latest News

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; മൂന്ന് പേരുടെ നില ഗുരുതരം, നിരവധി പേര്‍ക്ക് പരുക്ക്

നിയന്ത്രണം വിട്ട ബസ് സമീപത്തുള്ള പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു

Accident, Bus, Car

പത്തനംതിട്ട: കോന്നി കിഴവള്ളൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട ബസ് സമീപത്തുള്ള പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മറ്റൊരു കാറിനെ മറികടന്ന് വന്ന ബസ് എതിര്‍ ദിശയില്‍ വന്ന കാറുമായാണ് ഇടിച്ചത്. കാറുമായി ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ബസ് വെട്ടിച്ചെങ്കിലും അപകടം ഒഴിവാക്കാന്‍ സാധിച്ചില്ല.

ബസിന്റേയും കാറിന്റേയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ബസിന്റെ മുകളിലേക്ക് കമാനത്തിന്റെ കോണ്‍ക്രീറ്റ് ഭാഗം വീണും നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. നാട്ടുകാരെത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ബസിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

അപകടത്തില്‍ കാര്യമായി പരുക്കേറ്റ എട്ട് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 പേരാണ് ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിൽ ഒരാൾ കെഎസ്ആർടിസി ഡ്രൈവർ ആണെന്നാണ് വിവരം. മൂന്ന് പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചസമയമായതുകൊണ്ട് തന്നെ ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു. ഇരുവാഹനങ്ങളും അമിതവേഗതയിലായിരുന്നെന്നാണ് സംഭവത്തിന്റെ ദൃക്സാക്ഷികള്‍ പറയുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Bus accident at konni many injured