കോഴിക്കോട്: അടുത്ത അധ്യയന വര്‍ഷം മുതല്‍, എം.ഇ.എസ് കോളജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചു കൊണ്ടുള്ള സര്ക്കുലറിറങ്ങി. എം.ഇ.എസ് പ്രസിഡന്റ് ഡോ.പി.കെ.ഫസല്‍ ഗഫൂറാണ് വ്യാഴാഴ്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. കേരള ഹൈക്കോടതിയുടെ 2018 ലെ വിധിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബുര്‍ഖ നിരോധിച്ചുള്ള പുതിയ നിയമമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
പാഠ്യ – പാഠ്യേതര മികവിനൊപ്പം വേഷവിധാനങ്ങളിലും തികഞ്ഞ ഔചിത്യം പുലര്‍ത്തണമെന്ന് നിഷ്കര്‍ഷിച്ചു കൊണ്ടുള്ളതാണ് സര്‍ക്കുലര്‍. ക്യാമ്പസുകളിലെ ആശാസ്യമല്ലാത്ത എല്ലാ പ്രവണതകളും നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പൊതു സമൂഹത്തിന് സ്വീകര്യമല്ലാത്ത വേഷവിധാനങ്ങള്‍, അത് ആധുനികതയുടെ പേരിലായാലും മതാചാരങ്ങളുടെ പേരിലായാലും അംഗീകരിക്കാന്‍ വയ്യ എന്നാണ് സര്‍ക്കുലറിലെ മുഖ്യ പ്രതിപാദ്യ വിഷയം. ഇക്കാര്യത്തില്‍ സ്ഥാപനമേധാവികളും ലോക്കല്‍ മാനേജുമെന്റ് ഭാരവാഹികളും ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ, വിദ്യാർഥിനികൾ മുഖം മറച്ചു കൊണ്ടുള്ള യാതൊരു വിധത്തിലുമുള്ള വസ്ത്രധാരണത്തിലും ക്ലാസുകളിലേക്ക് വരുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന നിർദേശം സർക്കുലറിലുണ്ട്. വിവാദത്തിന് ഇടം കൊടുക്കാതെ 2019-20 അധ്യയന വർഷം മുതൽ അത് പ്രാവർത്തികമാക്കണമെന്നും ഇക്കാര്യം നിയമമായി ഉൾപ്പെടുത്തി പുതിയ അധ്യയന വർഷത്തെ കോളജ് കലണ്ടർ തയാറാക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നുണ്ട്.
Read More: രാവണന്റെ ലങ്കയില്‍ നിരോധിച്ച ബുര്‍ഖ രാമന്റെ അയോധ്യയിലും നിരോധിക്കണം: ശിവസേന
ഈ സര്‍ക്കുലര്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായിട്ടുണ്ട്. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര് രംഗത്തെത്തി. ബുര്‍ഖ ഇസ്ലാം മതവിശ്വാസത്തിന്റെ ഭാഗമാണെന്നും അത് നിരോധിച്ച എം.ഇ.എസ് നിലപാട് അംഗീകരിക്കാനാകില്ലെന്നും സമസ്ത തുറന്നടിച്ചിട്ടുണ്ട്. മതവിഷയങ്ങളില്‍ എം.ഇ.എസ് ഇടപെടേണ്ട എന്ന നിലപാടിലാണ് സമസ്ത.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബുര്‍ഖ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന വിധമുള്ള എല്ലാത്തരം വസ്ത്രങ്ങള്‍ക്കും ശ്രീലങ്കന്‍ സര്‍ക്കാര്‍ നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യയിലും ഈ വിഷയം ചര്‍ച്ചയായത്. ഇതിനു പിന്നാലെ ഇന്ത്യയിലും ബുർഖ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന രംഗത്തെത്തിയിരുന്നു. ശിവസേനയുടെ മുഖപത്രമായ ‘സാമ്ന’യില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ആവശ്യം ഉന്നയിച്ചത്. ഈ ആവശ്യം ദേശീയ താത്പര്യമാണെന്നും ശിവസേന അവകാശപ്പെട്ടിട്ടുണ്ട്.
Read More: തട്ടമിട്ട് മുഖം മറയ്ക്കരുതെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍