തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ നിർണായക വെളിപ്പെടുത്തൽ. ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകനായ തന്റെ സഹോദരൻ പ്രകാശും സുഹൃത്തുക്കളും ചേർന്നാണെന്നാണ് കുണ്ടമൺകടവ് സ്വദേശി പ്രശാന്ത് ക്രൈബ്രാഞ്ചിനോട് വെളിപ്പെടുത്തിയത്. പ്രകാശ് കഴിഞ്ഞ ജനുവരിയിൽ ആത്മഹത്യ ചെയ്തിരുന്നു.
പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. രഹസ്യമൊഴി രേഖപ്പെടുത്താൻ തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിട്ടുണ്ട്.
”സഹോദരൻ മരിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്കുമുൻപാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. തിരുവനന്തപുരം ജഗതിയിൽ നിന്നും ആശ്രമം കത്തിച്ച സംഭവത്തിൽ പ്രകാശിന്റെ കൂട്ടുകാരനെ കഴിഞ്ഞ വർഷം അവസാനം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അതോടെ അവൻ ആകെ അസ്വസ്ഥനായി. കൂട്ടുകാരനെ പൊലീസ് പിടികൂടി രണ്ട് മൂന്ന് ദിവസത്തിന് ശേഷമാണ് എന്നോട് ഇക്കാര്യം തുറന്നു പറഞ്ഞത്. ഞാനും കുണ്ടമൺകടവിലെ ചേട്ടൻമാരും ചേർന്നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതെന്ന് എന്നോട് അവൻ പറഞ്ഞു,” സഹോദരൻ പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഈ പരിസരത്തുള്ളവരാണ് ആശ്രമം കത്തിച്ചതെന്ന് ആദ്യമേ ഉറപ്പുണ്ടായിരുന്നുവെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. പ്രതിയെന്നു പറയുന്ന പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകന്റെ മരണത്തില് ദുരൂഹതയുണ്ട്. അതിലും അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2018 ഒക്ടോബർ 27 നാണ് തിരുവനന്തപുരം കുണ്ടമൺകടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത്. ആദ്യംസിറ്റി പൊലീസിന്റെ പ്രത്യേകസംഘവും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. ക്രൈംബ്രാഞ്ചിന്റെ തന്നെ നാലാമത്തെ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.