തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യസാക്ഷി പ്രശാന്ത് മൊഴി മാറ്റി. സഹോദരൻ പ്രകാശും സുഹൃത്തുക്കളും ചേർന്നാണ് ആശ്രമം കത്തിച്ചതെന്നും പ്രകാശ് ആത്മഹത്യ ചെയ്യുന്നതിനു മുമ്പു തന്നോട് ഇക്കാര്യം പറഞ്ഞെന്നുമായിരുന്നു ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി. ഈ മൊഴിയാണ് മാറ്റിയത്. തീപിടിത്തത്തെക്കുറിച്ച് അറിയില്ലെന്നാണ് അഡീ.മജിസ്ട്രേറ്റിനു മുന്നിൽ പ്രശാന്ത് രഹസ്യ മൊഴി നൽകിയത്.
മൊഴി മാറ്റാനിടയുണ്ടായ സാഹചര്യത്തെക്കുറിച്ച് അറിയില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പ്രശാന്ത് അന്വേഷണ ഉദ്യോഗസ്ഥനോട് വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞിരുന്നു. പ്രശാന്തിന്റെ സമ്മതത്തോടെയാണ് രഹസ്യമൊഴിക്ക് അപേക്ഷ നൽകിയതെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു.
ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകനായ തന്റെ സഹോദരൻ പ്രകാശും സുഹൃത്തുക്കളും ചേർന്നാണെന്നാണ് കുണ്ടമൺകടവ് സ്വദേശി പ്രശാന്ത് ക്രൈബ്രാഞ്ചിനോട് വെളിപ്പെടുത്തിയത്. പ്രകാശ് കഴിഞ്ഞ ജനുവരിയിൽ ആത്മഹത്യ ചെയ്തിരുന്നു.
”സഹോദരൻ മരിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്കുമുൻപാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. തിരുവനന്തപുരം ജഗതിയിൽ നിന്നും ആശ്രമം കത്തിച്ച സംഭവത്തിൽ പ്രകാശിന്റെ കൂട്ടുകാരനെ കഴിഞ്ഞ വർഷം അവസാനം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അതോടെ അവൻ ആകെ അസ്വസ്ഥനായി. കൂട്ടുകാരനെ പൊലീസ് പിടികൂടി രണ്ട് മൂന്ന് ദിവസത്തിന് ശേഷമാണ് എന്നോട് ഇക്കാര്യം തുറന്നു പറഞ്ഞത്. ഞാനും കുണ്ടമൺകടവിലെ ചേട്ടൻമാരും ചേർന്നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതെന്ന് എന്നോട് അവൻ പറഞ്ഞു,” സഹോദരൻ പ്രശാന്ത് നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
2018 ഒക്ടോബർ 27 നാണ് തിരുവനന്തപുരം കുണ്ടമൺകടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത്. ആശ്രമത്തിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും അക്രമികൾ തീയിട്ട് നശിപ്പിച്ചു. തീ പടർന്നതിനെ തുടർന്ന് ആശ്രമത്തിലെ കോൺക്രീറ്റ് കെട്ടിടത്തിനും നാശമുണ്ടായി. ആശ്രമത്തിന് മുന്നിൽ റീത്ത് വച്ചാണ് അക്രമികൾ മടങ്ങിയത്.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കൊപ്പം നിന്ന സ്വാമിക്കെതിരെ സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. ആദ്യംസിറ്റി പൊലീസിന്റെ പ്രത്യേകസംഘവും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. ക്രൈംബ്രാഞ്ചിന്റെ തന്നെ നാലാമത്തെ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.