കൊച്ചി: പൊലീസ് കസ്റ്റഡിയിൽ നിന്ന് കളളൻ ഓടിരക്ഷപ്പെട്ടു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് പൊലീസിനെ നാണംകെടുത്തി, മോഷ്ടാവ് കടന്നുകളഞ്ഞത്. 200 ഓളം മോഷണ കേസുകളിൽ പ്രതിയായ മോഷ്ടാവാണ് രക്ഷപ്പെട്ടത്. കംസീർ എന്ന് വിളിക്കുന്ന തഫ്സീർ ദർവേഷ് ആണ് രക്ഷപ്പെട്ട മോഷ്ടാവ്. ഇന്നലെയാണ് ഇയാളെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി പിടികൂടിയതിനാൽ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കാനായിരുന്നു തീരുമാനം.
ഇതേ തുടർന്ന് തഫ്‌സീറിനെ ലോക്കപ്പിൽ കിടത്തി, പുറത്തുനിന്നും പൂട്ടി. രാവിലെയായപ്പോൾ പ്രഭാത കൃത്യങ്ങൾ നടത്തണം എന്നാവശ്യപ്പെട്ട തഫ്സീറിനും സഹതടവുകാരനും വേണ്ടി ലോക്കപ്പ് മുറി പൊലീസ് തുറന്നു. ലോക്കപ്പിന് പുറത്തിറങ്ങിയ പ്രതികൾ ഉടൻ പുറത്തേക്ക് ഓടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹതടവുകാരനെ പൊലീസ് പിടികൂടിയെങ്കിലും തഫ്സീറിനെ പിടികൂടാനായില്ല. ഇയാൾ ഇതിനോടകം രക്ഷപ്പെട്ടു.
പൊന്നാനി സ്വദേശിയാണ് രക്ഷപ്പെട്ട മോഷ്ടാവ് തഫ്‌സീർ. ഇയാൾക്കെതിരെ സംസ്ഥാനത്തൊട്ടാകെ 200 ഓളം മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കട കുത്തിത്തുറന്നാണ് ഇയാൾ മോഷണം നടത്താറുളളത്. അങ്കമാലി പൊലീസാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം അങ്കമാലി പൊലീസിൽ നിന്നും സെൻട്രൽ പൊലീസ് പരിധിയിലെ മോഷണ കേസുമായി ബന്ധപ്പെട്ട് ഇയാളെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. പ്രതി രക്ഷപ്പെട്ടത് പൊലീസിന് തലവേദനയായി. കളളനെ പിടികൂടാൻ പൊലീസ് തിരച്ചിൽ തുടങ്ങി.