കോട്ടയം: കൊയ്യാന്‍ ഒരു മാസം മാത്രം ശേഷിക്കേ കുമരകം മെത്രാന്‍കായല്‍ പാടശേഖരത്തില്‍ മടവീണു. കൊയ്യാറായ നെല്ല് വെള്ളം കയറി നശിക്കുമെന്നും ആശങ്ക ഉയര്‍ന്നു. കായലിന്റെ തെക്കുഭാഗത്ത് പള്ളിക്കായലിനോട് ചേര്‍ന്നുള്ള ഭാഗത്താണ് മടവീഴ്ചയുണ്ടായത്. രണ്ടുമീറ്റര്‍ നീളത്തില്‍ മട തള്ളിപ്പോയി.

കല്‍ക്കെട്ടും തകര്‍ന്നു. ഇപ്പുറത്തുനിന്ന് ഉപ്പുവെളളമാണ് പാടത്തേക്ക് കയറുന്നത്. സംഭവം അട്ടിമറിയാണോയെന്നും സംശയമുയര്‍ന്നു. പൊലീസും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.കല്‍ക്കെട്ടിന്റെ കല്ലുകള്‍ ഇളക്കിമാറ്റിയാണ് വെള്ളം ഇറക്കിയത്. ചാലുകള്‍ ഉള്ളതിനാല്‍ വെള്ളം അത്രപെട്ടെന്ന് നെല്‍കൃഷിയെ ബാധിക്കില്ലെന്നാണ് കൃഷി ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍. എന്നാല്‍ മട വീണത് അറിഞ്ഞിരുന്നില്ലെങ്കില്‍ രാത്രിയോടെ പാടം പൂര്‍ണമായി വെള്ളത്തിലാകുമായിരുന്നു.രാത്രി തന്നെ താല്‍ക്കാലികമായി മട അടച്ചു. കയറിയ വെള്ളം വറ്റിക്കാനും ശ്രമം നടക്കുന്നുണ്ട്.

16754046_923210304449383_1608208761_n

തിങ്കളാഴ്ച വൈകിട്ടോടെയാണ്     സംഭവം  ശ്രദ്ധയിൽപ്പെട്ടത്. 1. 5 മീറ്റർ വീതിയിൽ പുറംബണ്ട് കൽക്കെട്ടാണ് തകർന്നത്.മെത്രാൻ കായലിന്റെ തെക്ക് ഭാഗത്തു കായലിനോട് ചേർന്ന് കിടക്കുന്ന പുറംബണ്ടിൽ കാടുപിടിച്ച ഭാഗത്തു കൽക്കെട്ടാണ് തകർന്നത്.  നാട്ടുകാരും പോലീസ് കർഷകരും ചേർന്നു രാത്രി വൈകിയും മട കെട്ടുകയാണ്.

അടുത്ത മാസം ആദ്യമാണ് മെത്രാന്‍കായലില്‍ കൊയ്ത്ത് നടക്കേണ്ടത്. വെള്ളക്കുറവുള്ളതിനാല്‍ മട വീഴാനുള്ള സാധ്യതയില്ലെന്ന് പറയപ്പെടുന്നു. പള്ളിക്കായലിനോട് ചേര്‍ന്നുള്ള ഭാഗം വിജനമായ ഭാഗമാണ്. മട വീണിടത്ത് തൂമ്പ കൊണ്ട് വെട്ടിയ പാടുകള്‍ കാണാനുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു. ഇതാണ് അട്ടിമറിയാണെന്ന സംശയം ബലപ്പെട്ടത്. കൃഷിയുടെ ആവശ്യത്തിന് പാടത്ത് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നുണ്ട്. പമ്പിങ് നടത്തിയിട്ടും വെള്ളം വറ്റാത്തത് അന്വേഷിച്ചപ്പോഴാണ് വൈകിട്ട് മട വീഴ്ച ശ്രദ്ധയില്‍പ്പെടുന്നത്.

കഴിഞ്ഞ നവംബര്‍ പത്തിനാണ് മെത്രാന്‍കായലില്‍ വിതച്ചത്. 80 ലക്ഷത്തോളം രൂപ ചെലവഴിച്ച് ഒമ്പത് വര്‍ഷമായി കൃഷി നിലച്ച പാടം ഒരുക്കിയെടുത്തു. ടൂറിസം പദ്ധതിക്കായി 378 ഏക്കര്‍ ഭൂമി വാങ്ങിയ റാക്ക്ഇന്‍ഡോ കമ്പനി കൃഷിക്ക് സന്നദ്ധമായില്ല. അവശേഷിക്കുന്ന അഞ്ച് കര്‍ഷകരുടെ 25 ഏക്കറില്‍ കൃഷി തുടങ്ങി.

എന്നാല്‍ ഒരുമാസത്തിനകം കൂടുതല്‍ ഭാഗങ്ങളിലേക്കും കൃഷി വ്യാപിച്ചു. 40 ഏക്കറില്‍ ഡിവൈഎഫ്‌ഐയും 30 ഏക്കറില്‍ എഐവൈഎഫും 20 ഏക്കറില്‍ ചങ്ങാതിക്കൂട്ടം സ്വയംസഹായസംഘവും വിതച്ചു. കുമരകത്തെയും പുളിങ്കുന്നിലെയും ചില കര്‍ഷകരും വിത്തിറക്കി. ഇപ്പോള്‍ മുന്നൂറ് ഏക്കറിലോളം നെല്‍കൃഷിയുണ്ടെന്നാണ് കണക്ക്. സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണ് കൂടുതല്‍ പേര്‍ കൃഷിയിലേക്ക് എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ