കൊച്ചി: പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി. തോക്കും തിരകളും കാണാതായ സംഭവത്തിൽ സിഎജിയുടെ ഓഡിറ്റ് റിപ്പോർട്ട് നിയമസഭയുടെ പരിഗണനയിലാണെന്നും സഭയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ അന്വേഷണം സാധ്യമല്ലന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.

തോക്കും തിരകളും കാണാതായത് അതീവ ഗുരുതരമായ വിഷയമാണന്നും രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി സ്വദേശി രാമചന്ദ്ര കൈമൾ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളിയത്. അന്വേഷണം വേണമെന്ന സിഎജിയുടെ നിലപാട് കോടതി അംഗീകരിച്ചില്ല. സിഎജി അന്വേഷണ ഏജൻസിയല്ലന്നും വരവുചെലവ് കണക്കുകൾ പരിശോധിക്കലാണ് സിഎജിയുടെ ചുമതല എന്നും കോടതി വ്യക്തമാക്കി.

Read More: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു; വെല്ലുവിളിയായി സാമൂഹ്യവ്യാപനം

പൊലീസിന്റെ തോക്കുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലന്നും ക്രൈം ബ്രാഞ്ചിന്റെ പരിശോധനയിൽ ഇക്കാര്യം ബോധ്യപ്പെട്ടെന്നും കേസ് രജിസ്റ്റർ ചെയ്തെന്നും സർക്കാർ വ്യക്തമാക്കി. തിരകൾ നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടന്നും ഒൻപത് പേർക്കെതിരെ കേസെടുത്തതായും സർക്കാർ ബോധിപ്പിച്ചു.

തോക്കും തിരകളും കാണാതായെന്ന സി എ ജി റിപോർട്ടിലെ പരാമർശത്തിൽ ആഭ്യന്തര പരിശോധന നടത്തിയെന്നും സർക്കാർ അറിയിച്ചു.

പേരൂർക്കട എസ് എ പി ക്യാമ്പിൽ നിന്ന് 25 തോക്കുകളും 12061 തിരകളും കാണാതായിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലന്നായിരുന്നു ഹർജിയിലെ ആരോപണം.

നേരത്തേ, പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവം ഗൗരവമുള്ളതാണെന്ന കേന്ദ്ര സർക്കാർ വാദം ഹൈക്കോടതി തള്ളിയിരുന്നു. സംഭവത്തിൽ സിഎജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ടു നൽകിയിട്ടുണ്ടെന്ന് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ബോധിപ്പിച്ചത് കോടതിയുടെ വിമർശനം ക്ഷണിച്ചു വരുത്തുകയായിരുന്നു.

സിഎജി കണക്കുപ്പിള്ള മാത്രമാണെന്നും വരവും ചെലവും പരിശോധിച്ച് പാർലമെന്റിന് റിപ്പോർട്ട് നൽകലാണ് ചുമതലയെന്നും കോടതി വ്യക്തമാക്കിയിരുന്നു. സിഎജിയുടെ ഉത്തരവാദിത്തങ്ങൾ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സിഎജി റിപ്പോർട്ടിൽ ഹൈക്കോടതികൾക്ക് ഇടപെടാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.