കൊച്ചി: കലൂരിൽ ബഹുനില കെട്ടിടം തകർന്നു വീണ സാഹചര്യത്തിൽ മെട്രോ സർവ്വീസുകൾ റദ്ദാക്കി. കലൂർ ബസ് സ്റ്റാന്റിനോട് അടുത്തുളള ഗോകുലം കൺവെൻഷൻ സെന്ററിനോട് അടുത്ത് നിര്‍മ്മാണം നടന്നു വരുന്ന ബഹുനില കെട്ടിടമാണ് തകർന്നത്. ആളപായമില്ല എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.
സംഭവ സ്ഥലത്ത് ഒരു ഏക്കറോളം വരുന്ന ഭൂമി, ഏതാണ്ട് 10 മീറ്ററോളം താഴേക്കു ഇടിഞ്ഞിട്ടുണ്ട് എന്നാണു ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. ഇത് നിര്‍മ്മാണത്തിനു വേണ്ടി കുഴിച്ചതാണോ അതോ താഴ്നതാണോ എന്ന് വ്യക്തമല്ല.
മൂന്ന് എസ്ക്കവേറ്റര്സ് (മണ്ണ് മാന്തി യന്ത്രങ്ങള്‍), പൈലിംഗ്, നിര്‍മ്മാണ സാമഗ്രികള്‍ എന്നിവ തകര്‍ന്ന അവശിഷ്ടങ്ങളുടെ ഇടയില്‍ പുതഞ്ഞു കിടക്കുന്നത് കാണാം.
മെട്രോ പില്ലര്‍ 599, 600 എന്നിവയില്‍ നിന്നും മൂന്നു മീറ്റര്‍ മാറി രണ്ടു ഇഞ്ചോളം വരുന്ന വിള്ളലുകള്‍ കാണുന്നുണ്ട്. ഇവയുടെ വീതി കൂടി വരുന്നുണ്ട് എന്ന സംശയത്തില്‍ അവിടെ കൂടി നിന്ന ജനങ്ങളെ പോലീസ് ഒഴിപ്പിക്കുന്നുണ്ട്. ഇവിടെ നിന്നും അഞ്ചു മീറ്റര്‍ മാറിയാണ് ഭൂമി ഇടിഞ്ഞിട്ടുള്ളത്.
രാത്രി പത്തു മണിയോടെയാണ് സംഭവം. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. അതേ സമയം ഭൂമിയുടെ ഉപരിതലത്തിലുണ്ടായ മാറ്റത്തെ തുടർന്നാണ് മെട്രോ സർവ്വീസുകൾ വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത്.
വെള്ളിയാഴ്ച ആലുവ മുതൽ പാലാരിവട്ടം വരെ മാത്രമായിരിക്കും മെട്രോ സർവ്വീസ് നടത്തുക. കലൂര്‍ മുതല്‍ എറണാകുളം നോര്‍ത്ത് വരെയുള്ള ഇടങ്ങളില്‍ വാഹന ഗതാഗതം നിയന്ത്രിക്കപ്പെടാനും സാധ്യതയുണ്ട്. റോഡില്‍ വിള്ളലുകള്‍ ഉള്ളത് കാരണമാണത്.
കെട്ടിടം തകർന്നുവീണ സ്ഥലത്ത് അഗ്നിരക്ഷാ സേനയെത്തിയിട്ടുണ്ട്. കെട്ടിടത്തിന് അകത്ത് ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് തിരച്ചിൽ നടത്തുകയാണ്.