/indian-express-malayalam/media/media_files/uploads/2022/08/Pinarayi-Vijayan.jpg)
തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. "ഉപഗ്രഹ സര്‍വേയുടെ പിന്നില്‍ നല്ല ഉദ്ദേശം മാത്രമാണുണ്ടായിരുന്നത്. ഇതില്‍ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുന്നില്ല. ഉപഗ്രഹ സര്‍വെ അന്തിമ രേഖയുമല്ല. കൂടുതല്‍ വ്യക്തത വേണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റേയും നിലപാട്," മുഖ്യമന്ത്രി പറഞ്ഞു.
"വിവിധ പ്രദേശങ്ങളുടെ പ്രത്യേകതകള്‍ മനസിലാക്കുന്നതിനായി വിദഗ്ദ സമിതിയെ നിയോഗിച്ചു. അതിന്റെ തലപ്പത്ത് ജസ്റ്റിസ് തോട്ടത്തിലിനെയാണ് നിയമിച്ചത്. അതില്‍ ആര്‍ക്കും പരാതിയുമുണ്ടായില്ല. നേരത്തെ വിട്ടുപോയ കാര്യങ്ങളെല്ലാം പൂര്‍ണമായും കണ്ടെത്തുക തന്നെ ചെയ്യും," പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
"കോടതി വിധി സംബന്ധിച്ച് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. ജനവാസ കേന്ദ്രങ്ങളില്‍ സാധാരണ ജീവിതം നയിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. പരാതികള്‍ രേഖപ്പെടുത്താന്‍ എല്ലാവര്‍ക്കും അവസരമുണ്ട്. വാര്‍ഡ് തലത്തില്‍ തന്നെ അതിനുള്ള സംവിധാനമുണ്ടാകും," മുഖ്യമന്ത്രി വിശദീകരിച്ചു.
"സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ താത്പര്യം അനുസരിച്ചാണ്. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ചില പ്രത്യേക നീക്കങ്ങളുടെ ഭാഗമായാണെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. അതിന് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്. അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചല്ല സര്‍ക്കാര്‍ നീങ്ങുന്നത്," മുഖ്യമന്ത്രി വ്യക്തമാക്കി.
ബഫര്‍സോണ്‍ നിര്‍ണയിക്കുന്നതിന് തയാറാക്കിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയെ ബോധിപ്പിക്കാനാണ് സര്‍ക്കാര്‍ സര്‍വേ നടത്തിയത്. ഉപഗ്രഹ സര്‍വേയില്‍ അപാകതകള്‍ ഉണ്ടെന്ന് തന്നെയാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ജുഡീഷ്യല്‍ കമ്മിഷന്‍ ജനങ്ങളുടെ പരാതി കേട്ടശേഷമുള്ള പുതിയ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
അവ്യക്തമായ മാപ്പു നോക്കി സാധാരണക്കാരന് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. ബോധപൂര്‍വം ചിലര്‍ സംശയം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. താമരശേരി ബിഷപ്പിന്റെ ആരോപണം തെറ്റിദ്ധാരണ മൂലമാണ്. സുപ്രീം കോടതിയെ ബോധിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും വനംമന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ ഫീല്‍ഡ് സര്‍വേ നടത്തും, മന്ത്രി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.