ന്യൂഡൽഹി: ബഫർസോണുമായി ബന്ധപ്പെട്ട ഹർജികള്‍ മൂന്നംഗ ബെഞ്ചിന് വിടാന്‍ സുപ്രീം കോടതി തീരുമാനം. ഹര്‍ജികള്‍ മൂന്നംഗ ബെഞ്ച് കേള്‍ക്കുന്നതാണ് ഉചിതമെന്ന് കോടതി വ്യക്തമാക്കി. ബെഞ്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
പ്രായോഗിക പരിഹാരങ്ങള്‍ക്ക് എല്ലാവരും ശ്രമിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വിധിയിലെ ചിലഭാഗങ്ങള്‍ ഭേദഗതി ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ പുനപരിശോധനാ ഹര്‍ജി തത്കാലം പരിഗണിക്കില്ല.
വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ രൂപീകരിക്കണമെന്നായിരുന്നു മൂന്നംഗ ബെഞ്ചിന്റെ വിധി. ബഫർസോൺ പരിധിയിൽ ഇളവ് വേണമെന്നായിരുന്നു കേരളത്തിന്റെയും കേന്ദ്രത്തിന്റെയും ആവശ്യം.
പരിസ്ഥിതി ലോല പ്രദേശമായി കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനമിറക്കിയ പതിനാറ് സംരക്ഷിത മേഖലകളെ വിധിയുടെ പരിധിയിൽനിന്നും ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേരളത്തിന്റെ ആവശ്യത്തിൽ വിശദമായ വാദം കേൾക്കാമെന്ന് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു.
അതിനിടെ, ബഫർസോൺ വിഷയത്തിൽ മലോയര മേഖലയിൽ ആശങ്ക ഒഴിയുന്നില്ല. സര്‍ക്കാര്‍ പുറത്തുവിട്ട ഭൂപടത്തിനെതിരെയുള്ള പരാതികളിൽ മറുപടിയില്ലെന്നാണ് ജനങ്ങൾ പറയുന്നത്. ബഫർസോൺ വിഷയത്തിൽ ഇടുക്കിയിൽ സ്വീകരിച്ചിരിക്കുന്ന നപടികൾ വിലയിരുത്താനുള്ള യോഗം ഇന്ന് കലക്ടറേറ്റിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ജില്ലയിലെ തദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.