തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ബഫര്‍ സോണ്‍ വിദഗ്ധ സമിതി കാലാവധി രണ്ട് മാസം കൂടി നീട്ടിയേക്കും. ഫീല്‍ഡ് സര്‍വെ ഉടന്‍ തുടങ്ങാനും തീരുമാനമായതായാണ് വിവരം. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനമെടുത്തതെന്ന് ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവധ മേഖലകളില്‍ പ്രതിഷേധം ആരംഭിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍. പ്രതിഷേധം തണുപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം മാത്രമാണിതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സുപ്രീംകോടതിയിൽ സാവാകാശം തേടാനും തീരുമാനമായി.
ഉപഗ്രഹ സർവേ റിപ്പോർട്ടില്‍ പരാതി നൽകാനുള്ള സമയ പരിധി അടുത്ത മാസം അഞ്ചാം തീയതി വരെയാക്കും. പരാതി നല്‍കാനുള്ള സമയ പരിധി ഈ മാസം 23-ന് തീരാനിരിക്കെയാണ് നീട്ടിയിരിക്കുന്നത്. ഫീൽഡ് സർവെയുടെ ആരംഭം സംബന്ധിച്ച് അന്തിമ തീരുമാനം വിദഗ്ധ സമിതി യോഗത്തിന്റേയായിരിക്കും.
ബഫർ സോണില്‍ തിരുവനന്തപുരത്തെ മലയോരമേഖലയിലും പ്രതിഷേധം നടന്നു. അമ്പൂരിയിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഉപഗ്രഹ സർവെ റിപ്പോര്‍ട്ട് തള്ളണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. ഫീല്‍ഡ് സര്‍വെ നടത്തി ആശങ്കകൾ പരിഹരിക്കും വരെ സമരം തുടരുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് ബഫര്‍ സോണ്‍ വിഷയത്തെ ഇത്രയും അപകടാവസ്ഥയില്‍ എത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആരോപിച്ചു. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി അഞ്ച് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് സതീശന് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങള്‍
- ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനാണെങ്കില്‍ 2019 ലെ മന്ത്രിസഭായോഗ തീരുമാനത്തെ തുടര്‍ന്ന് ജനവാസ മേഖലകളെ ഉള്‍പ്പെടുത്തി ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ രൂപീകരിക്കണമെന്ന ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതിക്കും അയച്ചത് എന്തിന് വേണ്ടിയായിരുന്നു?
- വിവാദ ഉത്തരവ് റദ്ദാക്കാതെ അവ്യക്തത നിറഞ്ഞ രണ്ടാമത്തെ ഉത്തരവിറക്കിയത് ആരെ സഹായിക്കാനാണ്?
- റവന്യു-തദ്ദേശ വകുപ്പുകളെ സഹകരിപ്പിച്ച് മാനുവല്‍ സര്‍വേ നടത്താന്‍ തയാറാകാതെ ഉപഗ്രഹ സര്‍വെ നടത്തി ദുരൂഹത സൃഷ്ടിച്ചത് എന്തിന് വേണ്ടിയായിരുന്നു?
- അവ്യക്തതകള്‍ നിറഞ്ഞ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മൂന്നര മാസത്തോളം പൂഴ്ത്തിവച്ചതെന്തിന്?
- ഉപഗ്രഹ റിപ്പോര്‍ട്ടില്‍ സുപ്രീം കോടതിയില്‍ നിന്ന് കേരള താല്പര്യത്തിന് വിരുദ്ധമായ തീരുമാനമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോ?