തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. യോഗത്തില്‍ വനം, റവന്യു, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു. സര്‍ക്കാരിനെതിരായ സമരങ്ങള്‍ കര്‍ഷകരെ സഹായിക്കനല്ലെന്നും മന്ത്രി വ്യക്തമാക്കി.
“ബഫര്‍ സോണ്‍ വിഷയം വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്. വാര്‍ത്തകള്‍ കണ്ടാല്‍ ഇപ്പോള്‍ പൊട്ടിമുളച്ച് വന്ന സംഭവം പോലെയാണ് തോന്നുന്നത്,” ശശീന്ദ്രന് കൂട്ടിച്ചേര്‍ത്തു. ഉപഗ്രഹ സർവെ റിപ്പോർട്ടിനൊപ്പം നേരിട്ടുള്ള പരിശോധന റിപ്പോർട്ട് പിന്നീട് നൽകുമെന്ന് സുപ്രീം കോടതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ ആലോചനയെന്നും വിവരമുണ്ട്.
ബഫര്‍സോണ്‍ വിഷയത്തില്‍ ഇന്നലെ മുഖ്യമന്ത്രി കൂടുതല്‍ വ്യക്തത വരുത്തിയിരുന്നു. “ഉപഗ്രഹ സര്‍വേയുടെ പിന്നില്‍ നല്ല ഉദ്ദേശം മാത്രമാണുണ്ടായിരുന്നത്. ഇതില്‍ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുന്നില്ല. ഉപഗ്രഹ സര്‍വെ അന്തിമ രേഖയുമല്ല. കൂടുതല്‍ വ്യക്തത വേണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റേയും നിലപാട്,” മുഖ്യമന്ത്രി പറഞ്ഞു.
“വിവിധ പ്രദേശങ്ങളുടെ പ്രത്യേകതകള്‍ മനസിലാക്കുന്നതിനായി വിദഗ്ദ സമിതിയെ നിയോഗിച്ചു. അതിന്റെ തലപ്പത്ത് ജസ്റ്റിസ് തോട്ടത്തിലിനെയാണ് നിയമിച്ചത്. അതില്‍ ആര്‍ക്കും പരാതിയുമുണ്ടായില്ല. നേരത്തെ വിട്ടുപോയ കാര്യങ്ങളെല്ലാം പൂര്‍ണമായും കണ്ടെത്തുക തന്നെ ചെയ്യും,” പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
“കോടതി വിധി സംബന്ധിച്ച് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. ജനവാസ കേന്ദ്രങ്ങളില്‍ സാധാരണ ജീവിതം നയിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. പരാതികള്‍ രേഖപ്പെടുത്താന്‍ എല്ലാവര്ക്കും അവസരമുണ്ട്. വാര്‍ഡ് തലത്തില്‍ തന്നെ അതിനുള്ള സംവിധാനമുണ്ടാകും,” മുഖ്യമന്ത്രി വിശദീകരിച്ചു.
“സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ താത്പര്യം അനുസരിച്ചാണ്. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ചില പ്രത്യേക നീക്കങ്ങളുടെ ഭാഗമായാണെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. അതിന് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്. അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചല്ല സര്‍ക്കാര്‍ നീങ്ങുന്നത്,” മുഖ്യമന്ത്രി വ്യക്തമാക്കി.