തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലെ ഇത്തവണത്തെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായി. സമ്മേളനത്തിന് മുന്നോടിയായി  ഗവർണർ ജസ്റ്റിസ് പി.സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച കേന്ദ്ര സർക്കാറിന്റെയും റിസർവ്വ് ബാങ്കിന്റെയും നടപടിയെ വിമർശിച്ചാണ് ഗവർണർ പ്രസംഗം തുടങ്ങിയത്.

സുതാര്യതയിലൂന്നിയ വികസനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഗവർണ്ണറുടെ ആദ്യവാചകം. ഡിമോണിറ്റൈസേഷൻ ജനങ്ങളുടെ അവകാശത്തെ കാറ്റിൽ പറത്തി. നെറ്റ് ബാങ്കിംഗ് സൗകര്യം ഉണ്ടായിരുന്നവർ മാത്രമാണ് ഇതിനെ അൽപ്പമെങ്കിലും മറികടന്നത്. 200 ലേറെ മരണങ്ങൾ ഉണ്ടായി. കർഷകർ ആത്മഹത്യ ചെയ്തു. സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമം ഇതിനോടൊപ്പം ഉണ്ടായി. ജനങ്ങളുടെ വാങ്ങൽ ശേഷിയെ ഇത്രയധികം ബാധിച്ച ഇത്തരമൊരു നടപടി മുൻപുണ്ടായിട്ടില്ല.

കള്ളപ്പണത്തിന് എതിരെയെന്നാണ് ആദ്യം പറഞ്ഞതെങ്കിലും പിന്നീട് ഇത് കറൻസി രഹിത വിപണിക്ക് വേണ്ടിയാണെന്ന് മാറ്റിപ്പറയുകയാണ് സർക്കാർ ചെയ്തത്. ഇന്ത്യൻ സന്പദ് വ്യവസ്ഥ വളരെ ഗുരുതരമായ നിലയിൽ ഡിമോണിറ്റൈസേഷനെ തുടർന്ന് തകർച്ച നേരിട്ടുവെന്ന് പിന്നീട് വന്ന പഠനങ്ങൾ തെളിയിക്കുന്നു. വ്യാവസായിക ഉൽപ്പാദനത്തിൽ ഇടിവുണ്ടായി.

മഴ കുറഞ്ഞത് കേരളത്തിലെ ജല സംഭരണികളെ കാര്യമായി ബാധിച്ചു. കടുത്ത വരൾച്ചയാണ് സംസ്ഥാനം നേരിട്ടു കൊണ്ടിരിക്കുന്നത്. പ്രവാസികളുടെ തിരിച്ചുവരവ് സംസ്ഥാനം നേരിടുന്ന തൊഴിലില്ലായ്‌മയെ സാരമായി ബാധിക്കും.   കുടിവെള്ള ദൗർലഭ്യം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി ജനോപകാരപ്രദമായ പദ്ധതികളുടെ വേഗത്തിൽ അനുമതി നൽകുന്നതിനുള്ള ഏക ജാലക സംവിധാനമായി പ്രവർത്തിക്കും. പതിനായിരം കോടിയുടെ പദ്ധതികൾക്ക് 2017 മാർച്ചിന് മുൻപ് അനുമതി ലഭിക്കും. സാങ്കേതിക പരിജ്ഞാനമുള്ള യുവാക്കളുടെ റിക്രൂട്ട്മെന്റ് പരിപാടികൾ നടക്കുകയാണ്. ജൈവ കൃഷി പ്രോത്സാഹിപ്പിച്ച്  സംസ്ഥാനത്തെ അടുത്ത അഞ്ഞ്ച് വർഷത്തിനുള്ളിൽ സ്വയം പര്യാപ്‌തമാക്കും.

സംസ്ഥാനത്തെ സാധാരണക്കാർക്കും പാവപ്പെട്ടവർക്കുമായി ആരോഗ്യമേഖലയെ ശക്തിപ്പെടുത്തും.  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും. വിദ്യാഭ്യാസ മേഖലയിൽ ആയിരം സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. ഭിന്നശേഷിയുള്ള കുട്ടികൾക്കായി സ്കൂളുകൾ ആരംഭിക്കും.

4.32 ലക്ഷം വീടില്ലാത്തവർക്ക് അഞ്ച് വർഷത്തിനുള്ളിൽ വീട് വച്ചു കൊടുക്കാൻ ഉദ്ദേശിക്കുന്നു. ഇതടക്കമുള്ള പദ്ധതികൾ ഊർജ്ജിതമായി മുന്നോട്ട് പോകും. ആരോഗ്യമേഖലയിൽ ആർദ്രം പദ്ധതി. പ്രതിപക്ഷ നേതാവ് ഇതുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളിലും പ്രത്യക ക്ഷണിതാവായിരിക്കും.

ഈ സർക്കാർ ഭരണത്തിൽ വരുന്പോൾ ഒരുപാട് വികസന പദ്ധതികൾ ചുവപ്പുനാടയിൽ കുടുങ്ങിയിരിക്കുകയായിരുന്നു. ഇതിനെ മാറ്റിയെടുക്കാൻ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. കൊച്ചി-എടമൺ ഊർജ്ജ പാത, സ്മാർട്സിറ്റി, ദേശീയ പാത, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി, വിമാനത്താവള വികസന പദ്ധതി എന്നിവ വേഗത്തിൽ പൂർത്തീകരിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടായി.

സർക്കാർ കരകൗശല വസ്തുക്കൾ വിനോദസഞ്ചാരവുമായി കോർത്തിണക്കി വിപണനം ചെയ്യുന്നതിന് പ്രത്യേക പദ്ധതികൾ ആരംഭിക്കും. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ഇന്നവേറ്റീവ് ഇന്റസ്ട്രിയൽ ഫർണിച്ചർ ഹബ്ബ് എറണാകുളത്ത് ആരംഭിക്കും.

കിഫ്ബി വഴിയുള്ള ആദ്യ ഘട്ട പദ്ധതികളുടെ ടെണ്ടർ ഏപ്രിലിൽ ക്ഷണിക്കും. നിക്ഷേപ സമാഹരണ പ്രചാരണ പദ്ധതികൾ ഗൾഫ് നാടുകളിൽ അടക്കം ആരംഭിച്ചു. ഈ സർക്കാർ സ്ത്രീകളുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. സ്ത്രീകളുടെ ആത്മാഭിമാനത്തിന് കളങ്കം ചാർത്തുന്ന ഒന്നും ഈ സർക്കാർ അനുവദിക്കില്ലെന്ന് ഞാൻ ഉറപ്പുനൽകുന്നു. വനിതകൾക്കായി താലൂക്ക് തലങ്ങളിൽ പൊലീസ് സ്റ്റേഷനുകൾ തുറക്കും. ലൈംഗിക കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിക്കും. വനിത പൊലീസ് ബറ്റാലിയനെ രംഗത്തിറക്കിയതും ഈ സർക്കാരാണ്.

തദ്ദേശ സ്ഥാപനങ്ങൾ സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. 49 ലക്ഷം പെൻഷൻകാർക്ക് വീടുകളിൽ പെൻഷൻ തുക എത്തിച്ചുകൊടുത്തത് സംസ്ഥാന സർക്കാരിന്റെ നേട്ടമാണ്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓപ് ലോക്കൽ അഡ്മിനിസ്ട്രേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും.

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ഓരോ വർഷവും ആയിരം മൈക്രോ ഫിനാൻസ് യൂണിറ്റുകൾ ആരംഭിക്കും. വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് സർക്കാർ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതികൾക്ക് രൂപം നൽകും. വ്യാവസായിക പാർക്ക് മലപ്പുറത്ത് കിൻഫ്ര ആരംഭിക്കും. സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് രണ്ട് സെറ്റ് യൂണിഫോമുകൾ സംസ്ഥാനത്തെ നെയ്‌ത്തുകാരിൽ നിന്ന് ലഭ്യമാക്കും. ഇതുവഴി നെയ്‌ത്തുകാരുടെ ഉന്നമനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ ആരംഭിക്കും. കശുവണ്ടി വ്യാപാരമേഖലയിൽ എല്ലാ ഫാക്ടറികളും തുറന്നുപ്രവർത്തിക്കും. കന്പനികളുടെ 80 കോടിയോളം വായ്പ തിരിച്ചടക്കുന്നതിനുള്ള പരിശ്രമങ്ങളാണ് നടക്കുന്നത്. തൊഴിലാളികൾക്ക് എല്ലാ ദിവസവും തൊഴിൽ ലഭ്യമാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ. കശുവണ്ടി കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് സംസ്ഥാനം പരിശോധിക്കുന്നുണ്ട്.

സഭയിൽ സർക്കാരിനെതിരെ പ്ലക്കാർഡുകളും ബാനറുകളും ഏന്തിയാണ് പ്രതിപക്ഷ അംഗങ്ങൾ എത്തിയിരിക്കുന്നത്. എന്നാൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം  തടസ്സപ്പെടുത്തേണ്ടതില്ലെന്ന് ഇവർ തീരുമാനിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook