തിരുവനന്തപുരം : ബജറ്റ് ചോർച്ചയുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം നടത്തിയ ബഹളം തത്കാലത്തേക്ക് അവസാനിപ്പിച്ചു. വിഷയത്തിൽ ചീഫ് സെക്രട്ടറിയുടെ അന്തിമ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം മന്ത്രിസഭ യോഗം ചേർന്ന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. ഇതേ തുടർന്നാണ് പ്രതിപക്ഷം സഭ നടപടികളോട് സഹകരിച്ചത്.
നേരത്തേ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നടപടികൾ അര മണിക്കൂർ നേരത്തേക്ക് നിർത്തിവച്ചിരുന്നു. വീണ്ടും സഭ സമ്മേളിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ ഉറപ്പ് പ്രതിപക്ഷം അംഗീകരിച്ചത്. എന്നാൽ ധനമന്ത്രിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.
ബജറ്റ് ചോർന്നത് ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാലംഘനവും ആണെന്നാരോപിച്ചാണ് വി ഡി സതീശൻ ഇന്ന് രാവിലെ അടിയന്തിരപ്രമേയത്തിന് അവതരാണനുമതി തേടിയത്. എന്നാൽ ബജറ്റ് ചോർന്നിട്ടില്ലെന്നും മാധ്യമങ്ങൾക്ക് നൽകാനുളള പ്രധാന പോയിന്റുകളുളള കുറിപ്പ് മാത്രമാണ് പുറത്തുപോയതെന്നും ധനമന്ത്രി അവകാശപ്പെട്ടു.
ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച 2017 ലെ സംസ്ഥാന ബജറ്റ് ചർച്ച ചെയ്യുകയായിരുന്നു ഇന്നത്തെ സംസ്ഥാന ബജറ്റിന്റെ പ്രധാന ലക്ഷ്യം. എന്നാൽ പ്രതിപക്ഷ ബഹളം തുടരുന്ന സാഹചര്യത്തിൽ ബജറ്റ് ചർച്ചചെയ്യാൻ സാധിക്കുമോയെന്ന കാര്യം സംശയമാണ്. ഇന്ന് രാവിലെ തന്നെ ബിജെപി അംഗം ഒ.രാജഗോപാൽ, കേരള കോൺഗ്രസ് (എം) അംഗങ്ങളും സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ബജറ്റ് ചോർച്ചയിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.
ബജറ്റ് അവതരണം വെള്ളിയാഴ്ച രാവിലെ പുരോഗമിക്കുന്നതിനിടെയാണ് സോഷ്യൽ മീഡിയ വഴി പ്രധാന വിവരങ്ങളടങ്ങിയ ഒരു ഭാഗം പ്രചരിച്ചത്. ഇത് പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി പകർപ്പെടുത്ത് അദ്ദേഹത്തിന് എത്തിച്ചു. ഇക്കാര്യം ഉടൻ തന്നെ രമേശ് ചെന്നിത്തല സഭയിൽ ഉന്നയിക്കുകയും, സഭ അലങ്കോലപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ ബജറ്റ് ബഹിഷ്കരിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പ്രതിപക്ഷ സാന്നിദ്ധ്യമില്ലാതെയാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പൂർത്തിയാക്കിയത്. ഇതേസമയം പുറത്തായ വിവരങ്ങൾ പ്രതിപക്ഷ നേതാവ് മീഡിയ റൂമിൽ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.
മാധ്യമപപ്രവർത്തകർക്കായി തയ്യാറാക്കിയ ഭാഗമാണ് നേരത്തേ കൈമാറിയതെന്നും ബജറ്റ് ചോർന്നിട്ടില്ലെന്നും കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ജാഗ്രത കുറവ് ഉണ്ടായെന്ന് സമ്മതിച്ച അദ്ദേഹം പാർട്ടിയിൽ ഇക്കാര്യത്തിൽ തനിക്കെതിരെ വിമർശനം ഉണ്ടായില്ലെന്നും വ്യക്തമാക്കി.
ബജറ്റ് വിവരങ്ങൾ പുറത്തായ ഉടൻ തന്നെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചേർന്ന് ധനമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.മനോജ്കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. എന്നാൽ ഈ നടപടി കൊണ്ട് പ്രതിപക്ഷം തൃപ്തരാകില്ലെന്നാണ് വിലയിരുത്തൽ.