തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ചുവരവ് നടത്തിയതായി സാമ്പത്തിക അവലോകന സര്‍വേ. സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിൽ 2021–22 വർഷത്തിൽ, മുൻവർഷത്തേക്കാൾ 12.1 ശതമാനം വളർച്ചയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. 2012–13 ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സര്‍വേ നിയമസഭയില്‍ അവതരിപ്പിച്ചു.
സംസ്ഥാന ബജറ്റിന് മുന്നോടിയായിട്ടാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നില്‍ക്കുന്നതിനിടെ, ഇത്തരമൊരു വളര്‍ച്ച ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
2021-22ല്‍ പ്രതിശീര്‍ഷ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പാദനം 1,62,992 രൂപയാണ്. ദേശീയ തലത്തില്‍ ഒരാളുടെ ശരാശരി വരുമാനത്തെക്കാള്‍ കൂടുതലാണ് കേരളത്തിലെ ഒരാളുടെ ശരാശരി വരുമാനമെന്ന് സര്‍വേ പറയുന്നു. ധനകമ്മിയും മൊത്ത ആഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള അന്തരം 4.11 ശതമാനം കുറഞ്ഞു. റവന്യു വരുമാനം വര്‍ധിച്ച് 12.86 ശതമാനം ആയി. തനതു നികുതി വരുമാനവും നികുതിയേതര വരുമാനവും വര്‍ധിച്ച് സംസ്ഥാനത്തിന്റെ മൊത്തവരുമാനം 19.94 ശതമാനം വര്‍ധിക്കുമെന്ന് സര്‍വേയില്‍ പറയുന്നു. സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ സംയുക്ത വാര്‍ഷിക വളര്‍ച്ച 11.40 ശതമാനം ആണ്.
മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ കണക്കെടുത്താല്‍ കൃഷിയും അനുബന്ധ പ്രവൃത്തികളും വ്യവസായവും വളര്‍ച്ച രേഖപ്പെടുത്തി. വ്യവസായ വളര്‍ച്ച 17.3 ശതമാനമാണ്. മുന്‍ വര്‍ഷങ്ങളില്‍ ഈ മേഖലകളില്‍ വളര്‍ച്ച നെഗറ്റീവായിരുന്നു. 20,000 കോടിയുടെ സാമ്പത്തിക പാക്കേജുകളും വ്യവസായത്തിനായുള്ള 5650 കോടിയുടെ പാക്കേജും വളര്‍ച്ചയ്ക്കു സഹായിച്ചതായി റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.