BSNL mass retirement: സ്വയം വിരമിക്കൽ പദ്ധതി പ്രകാരം ഇന്ന് കൂട്ടത്തോടെ പടിയിറങ്ങുന്ന ബിഎസ്എൻഎൽ ജീവനക്കാർ അതൊരു ആഘോഷമാക്കിത്തീര്‍ത്തു. ഇന്നു വൈകിട്ട് അഞ്ച് മണിയോടെ എറണാകുളം ബിഎസ്എൻഎൽ മുഖ്യ കാര്യാലയത്തിൽ നിന്നും ജീവനക്കാർ വിട പറഞ്ഞത് വാദ്യഘോഷത്തിന്റെയും മറ്റും അകമ്പടിയോടെയാണ്.

രാജ്യമൊട്ടാകെ എൻപതിനായിരത്തോളം ജീവനക്കാർ ആണ് സ്ഥാപനത്തിൽ നിന്നും പുറത്തു പോകുന്നത്. കേരളത്തിൽ ആകെയുള്ള 9314 ജീവനക്കാരിൽ 4589 പേർ സ്വയം വിരമിക്കുമ്പോൾ എറണാകുളം ബിസിനസ് മേഖലയിൽ 1795 ജീവനക്കാരിൽ 1027 പേരാണ് വിരമിക്കുന്നത്. ഗ്രൂപ്പ് ഡി മുതൽ ഡെപ്യൂട്ടി ജനറൽ മാനേജർ വരെ ഏതാണ്ട് എല്ലാ തസ്തികകളിൽ നിന്നുമുള്ള ജീവനക്കാർ സ്വയം വിരമിക്കുന്നുണ്ട്. അൻപത് വയസ്സിനു മുകളിൽ ഉള്ള ജീവനക്കാർക്ക് ആയിരുന്നു സ്വയം വിരമിക്കലിനു അപേക്ഷ നല്കുവാനുള്ള യോഗ്യത. 60 വയസ്സാണ് ബിഎസ്എൻഎൽ ജീവനക്കാരുടെ നിലവിലെ വിരമിക്കൽ പ്രായം.

 

ബി എസ് എൽ എൽ കൂട്ട വിരമിക്കൽ ഉപഭോക്ത സേവനത്തെ ബാധിക്കില്ല

ബി.എസ്.എൻ.എൽ ജീവനക്കാരുടെ കൂട്ട വിരമിക്കൽ ഉപഭോക്ത സേവനങ്ങളെ ഒട്ടും ബാധിക്കില്ലയെന്നു ബിഎസ്എൻഎൽ എറണാകുളം ബിസിനസ് മേഖല പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ.കെ.ഫ്രാൻസിസ് ജേക്കബ് പ്രസ്താവിച്ചു. എറണാകുളം ബിഎസ്എൻഎൽ ബിസിനസ് മേഖലയിൽ നിന്നും ഏതാണ്ട് അറുപതു ശതമാനം പരിചയസമ്പന്നരായ ജീവനക്കാർ പിരിഞ്ഞു പോകുന്നു എന്നത് സ്ഥാപനത്തിനു വലിയ നഷ്ടം ആണെങ്കിലും അതു നികത്തുവാനുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് എന്നു അദ്ദേഹം പറഞ്ഞു.

പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎൽ സജീവമായി നിലനിൽക്കേണ്ടത് രാജ്യത്തിന്റെയും ജനങ്ങളുടെയും ആവശ്യമാണ് എന്നത് കൊണ്ട് തന്നെ ഏറ്റവും ഉത്തരവാദിത്തത്തോടെ അതു നിർവഹിക്കുവാനുള്ള ബാധ്യത തങ്ങൾക്കുണ്ട്. കേന്ദ്രസർക്കാർ ആവിഷ്കരിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി നടപ്പിലാക്കുന്ന സ്വയം വിരമിക്കൽ പദ്ധതി പ്രകാരം ആണ് ബി എസ് എൻ എൽ ജീവനക്കാരുടെ കൂട്ടവിരമിക്കൽ ഉണ്ടായത്. രാജ്യമൊട്ടാകെ എൻപതിനായിരത്തോളം ജീവനക്കാർ ആണ് സ്ഥാപനത്തിൽ നിന്നും പുറത്തു പോയത്.

Read Here: അവർ ഇനി ബിഎസ്എന്‍എല്ലിന്റെ ‘പരിധിക്കു പുറത്ത്’ പകുതിയോളം ജീവനക്കാര്‍ വിരമിച്ചു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.