കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബിഎസ്എന്‍എല്ലില്‍നിന്ന് പകുതിയോളം ജീവനക്കാര്‍ വിരമിച്ചു. രാജ്യത്തുടനീളമായി 78,300 ജീവനക്കാരാണു സ്വയം വിരമിക്കല്‍ പദ്ധതി (വിആര്‍എസ്)യിലൂടെ പടിയിറങ്ങിയത്. കേരളത്തിൽ ആകെയുള്ള 9314 ജീവനക്കാരിൽ 4589 പേർ വിരമിച്ചു.

ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണു കേന്ദ്രസര്‍ക്കാര്‍ വിആര്‍എസ് പ്രഖ്യാപിച്ചത്. ശമ്പളം മുടങ്ങുന്ന സാഹചര്യത്തില്‍ ബിഎസ്എന്‍എല്ലിനും ജീവനക്കാര്‍ക്കും ഒരുപോലെ ആശ്വാസം നല്‍കുന്നതാണു വിആര്‍എസെന്നാണു വിലയിരുത്തല്‍. രാജ്യത്ത് മൊത്തം 1.63 ലക്ഷം ജീവനക്കാരാണു ബിഎസ്എന്‍എല്ലിനുള്ളത്. ഇവരില്‍ 82,000 പേരെ കുറയ്ക്കാനായിരുന്നു കേന്ദ്രം ലക്ഷ്യമിട്ടിരുന്നത്. വിആര്‍എസിനോട് ആവേശകരമായ പ്രതികരണം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായതോടെ ലക്ഷ്യത്തിന് ഏതാണ്ട് അടുത്തെത്തിയിരിക്കുകയാണു സര്‍ക്കാര്‍.

Read Here: പടിയിറങ്ങൽ ആഘോഷമാക്കി ബിഎസ്എൻഎൽ ജീവനക്കാർ

ശമ്പളത്തുക 500 കോടിയായി കുറയും

വിആര്‍എസിനൊപ്പം സാധാരണ നിലയിലുള്ള വിരമിക്കല്‍ വഴി ആറായിരം പേരും ബിഎസ്എന്‍എല്ലില്‍നിന്നു പുറത്തുപോകും. ഇതോടെ വിരമിക്കുന്ന മൊത്തം ജീവനക്കാരുടെ എണ്ണം എണ്‍പത്തി അയ്യായിരത്തോളം വരും. എംടിഎന്‍എല്‍ ജീവനക്കാരില്‍ 14378 പേരും നാളെ വിരമിക്കും. വിആര്‍എസിലൂടെ എംടിഎന്‍എല്ലില്‍ 13650 പേരെ കുറയ്ക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.

ഇരു കമ്പനികളിലുമായി ഇത്രയും ജീവനക്കാര്‍ പുറത്തുപോകുന്നതോടെ പ്രതിവര്‍ഷ മൊത്ത ശമ്പളത്തുക 2,272 കോടി രൂപയില്‍നിന്ന് 500 കോടിയായി കുറയും. നിലവില്‍ ബിഎസ്എന്‍എല്‍ വരുമാനത്തിന്റെ 75 ശതമാനത്തോളം ശമ്പളം നല്‍കാനാണു ചെലവഴിക്കുന്നതെന്നാണു കേന്ദ്രം പറയുന്നത്. ബിഎസ്എന്‍എല്ലിന്റെ കേരള സര്‍ക്കിള്‍ മാത്രമാണു ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്.

വിരമിക്കല്‍ ആനുകൂല്യം രണ്ടു ഗഡുക്കളായി

50 വയസിനു മുകളിലുള്ളവര്‍ക്കാണു സര്‍ക്കാര്‍ വിആര്‍എസ് പ്രഖ്യാപിച്ചത്. വിരമിക്കല്‍ ആനുകൂല്യത്തിനൊപ്പം ഗ്രാറ്റുവിറ്റി, പിഎഫ്, പെന്‍ഷന്‍ ആനുകൂല്യങ്ങളും ജീവനക്കാര്‍ക്കു ലഭിക്കും. പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തെ സേവനത്തിനും 35 ദിവസത്തെ ശമ്പളം വീതവും ശേഷിക്കുന്ന ഓരോ വര്‍ഷത്തിനും 25 ദിവസത്തെ ശമ്പളം വീതവും എന്ന തോതിലാണു വിരമിക്കല്‍ ആനുകൂല്യം നിശ്ചയിക്കുന്നത്. സേവനം, കേഡര്‍ എന്നിവയ്ക്കനുസരിച്ച് ആനുകൂല്യത്തില്‍ വ്യത്യാസമുണ്ടാകും.

വിരമിക്കല്‍ ആനുകൂല്യം രണ്ടു ഗഡുക്കളായാണു നല്‍കുക. പകുതിത്തുക മാര്‍ച്ച് 31-നു മുമ്പും ബാക്കി ജൂണ്‍ 30-നുമുമ്പും നല്‍കുമെന്നാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, പെന്‍ഷന്‍, ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ അഞ്ചു വര്‍ഷത്തിനുശേഷമേ ലഭിക്കൂ. ഈ കാലയളവിനു മുന്‍പ് വിരമിക്കല്‍ പ്രായമായ അറുപതു വയസ് പൂര്‍ത്തിയായാല്‍ അപ്പോള്‍ ആനുകൂല്യം ലഭിക്കും.

ശമ്പളക്കുടിശിക എന്ന്?

രണ്ടു മാസത്തെ ശമ്പളക്കുടിശിക നിലനില്‍ക്കെയാണു ജീവനക്കാര്‍ വിരമിക്കുന്നത്. ഡിസംബര്‍, ജനുവരി മാസങ്ങളിലെ ശമ്പളമാണു നല്‍കാനുള്ളത്. ഡിസംബറിലെ ശമ്പളം നാളെ നല്‍കാമെന്നു സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ബാങ്ക് പണിമുടക്ക് നടക്കുന്നതിനാല്‍ ശമ്പളവിതരണം ഫെബ്രുവരി ആദ്യ വാരത്തിലേക്കു നീളും. ജനുവരിയിലെ ശമ്പളം എന്നു ലഭിക്കുമെന്ന കാര്യത്തില്‍ ഒരുറപ്പും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ജീവനക്കാര്‍ക്കു ലഭിച്ചിട്ടില്ല. ശമ്പളം അനിശ്ചിതായി മുടങ്ങുന്ന സാഹചര്യത്തിലാണു വിആര്‍എസിനു ഭൂരിഭാഗം ജീവനക്കാരും തയാറായത്. അന്‍പത് വയസിനു മുകളിലുള്ളവരില്‍ വളരെ കുറച്ചുപേര്‍ മാത്രമാണു വിആര്‍എസിനു തയാറാകാതിരുന്നത്. വളരെ കുറച്ച് മാസങ്ങള്‍ മാത്രം സര്‍വീസ് ബാക്കിയുള്ളവരാണ് ഇവര്‍. ഇത്തരം ആളുകളുടെ കൂടി സര്‍വീസ് പൂര്‍ത്തിയാകുന്നതോടെ ജീവനക്കാരുടെ എണ്ണം വീണ്ടും കുറയും.

വിആര്‍എസില്‍ ആരൊക്കെ?

ഗ്രൂപ്പ് ഡി മുതല്‍ ജനറല്‍ മാനേജര്‍ വരെയുള്ള തസ്തികയിലുള്ള ജീവനക്കാരാണു വിആര്‍എസിനു തയാറായത്. എറണാകുളം, ഇടുക്കി, ലക്ഷദ്വീപ് എന്നി ഉള്‍പ്പെടെ എറണാകുളം ബിസിനസ് ഏരിയയിലെ 1795 ജീവനക്കാരില്‍ 1025 പേര്‍ നാളെ വിരമിക്കും. കോട്ടയം ജില്ലയില്‍ 342 പേര്‍ വിരമിക്കും. പലയിടങ്ങളിലും കൂട്ടയാത്രയയപ്പ് നടന്നുകഴിഞ്ഞു. മറ്റിടങ്ങളില്‍ നാളെയാണു യാത്രയയപ്പ്. നേരത്തെ ടെലികോം വകുപ്പില്‍നിന്ന് ബിഎസ്എന്‍എല്ലില്‍ എത്തിയവരാണു വിരിക്കുന്നവര്‍. 2000ല്‍ ബിഎസ്എന്‍എല്‍ നിലവില്‍ വന്നശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് 50 വയസ് പൂര്‍ത്തിയായിട്ടില്ല.

കസ്റ്റമര്‍ കെയര്‍ സെന്ററുകള്‍ കുറയും

ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കുന്ന സാഹചര്യത്തില്‍ സേവനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ ജീവനക്കാരെ പുനര്‍വിന്യസിച്ച് പകരം ചുമതലകള്‍ നല്‍കിയിട്ടുണ്ട്. എങ്കിലും പ്രതിസന്ധിക്കു സാധ്യതയുണ്ടെന്നും ഇതു പരിഹരിക്കാന്‍ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നുമാണു ജീവനക്കാര്‍ പറയുന്നത്. കസ്റ്റമര്‍ കെയര്‍ സര്‍വിസിലാണ് ഏറ്റവും പ്രശ്‌നമുണ്ടാകാന്‍ സാധ്യത. നിലവില്‍ നാല്-അഞ്ച് പേര്‍ ജോലി ചെയ്യുന്ന കസ്റ്റമര്‍ കെയര്‍ സെന്ററുകളില്‍ ഇനി രണ്ടുപേരില്‍ കൂടുതല്‍ ഉണ്ടാവില്ല. കസ്റ്റമര്‍ കെയര്‍ സെന്ററുകള്‍ നിലവിലുള്ളതിന്റെ നാലിലൊന്നായി കുറച്ച് പ്രധാന സ്ഥലങ്ങളില്‍ മാത്രമാക്കും. അതേസമയം, കരാര്‍ ജീവനക്കാരെ നിയമിച്ച് പ്രതിസന്ധി മറികടക്കുമെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനവും പരിപാലനവും പുറംജോലി കരാറായി നല്‍കാന്‍ ടെന്‍ഡര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ കൂട്ട വിരമിക്കൽ ഉപഭോക്തൃ സേവനങ്ങളെ ഒട്ടും ബാധിക്കില്ലെന്നു ബിഎസ്എൻഎൽ എറണാകുളം ബിസിനസ് ഏരിയ ജനറൽ മാനേജർ ഡോ. കെ ഫ്രാൻസിസ് ജേക്കബ് അറിയിച്ചു. ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

ഓഫീസുകള്‍ വാടകയ്ക്ക്

വിആര്‍എസിനു പിന്നാലെ ബിഎസ്എന്‍എല്ലിന്റെ ബഹുനില കെട്ടിടങ്ങള്‍ വ്യാപകമായി വാടകയ്ക്കു നല്‍കി വരുമാനം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. ജീവനക്കാര്‍ കൂട്ടമായി വിരമിക്കുന്നതോടെ ബഹുനില ഓഫീസ് കെട്ടിടങ്ങളിലെ പല സെക്ഷനുകളിലും ഒന്നോ രണ്ടോ പേര്‍ മാത്രമാകും ഉണ്ടാവുക. ഇവരെ ഒന്നോ രണ്ടോ നിലകളിലേക്കു പുനര്‍വിന്യസിച്ച് ബാക്കിയുള്ള നിലകള്‍ വാടകയ്ക്കു നല്‍കാനാണു ലക്ഷ്യമിടുന്നത്. ചില കെട്ടിടങ്ങൾ പൂർണമായി വാടകയ്ക്കു നൽകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.