കൊച്ചി: കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതിയായ ജോളിക്ക് വേണ്ടി താന്‍ ഹാജരാകുമെന്ന് പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ബി.എ ആളൂര്‍. ജോളിയുമായി അടുത്ത ബന്ധമുള്ളവരും ജോളിയും കേസ് ഏറ്റെടുക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടതായും അഡ്വ. ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

“കേസില്‍ തെളിവുകള്‍ കൂട്ടിയിണക്കാന്‍ പ്രോസിക്യൂഷന് സാധിക്കില്ല. ആറ് ദിവസത്തെ കസ്റ്റഡിയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. അത് നിര്‍ണായകമാണ്. ഈ സമയം കൊണ്ട് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിന് കഴിയില്ലെന്നാണ് വിശ്വാസം. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാത്രമേ പ്രോസിക്യൂഷന് സാധിക്കൂ. 12 വര്‍ഷത്തിനിടയിൽ സംഭവിച്ച മരണങ്ങളായതിനാല്‍ സാഹചര്യത്തെളിവുകള്‍ കൂട്ടിയിണക്കാന്‍ ക്രൈം ബ്രാഞ്ചിന് സാധിക്കില്ല,” ആളൂര്‍ പറഞ്ഞു.

Read Also: ജോളി നാട്ടുകാരുമായി ശരിക്കും ‘ജോളി’; ആര്‍ക്കും പിടികൊടുത്തില്ല

“ജൂനിയര്‍ അഭിഭാഷകന്‍ ജോളിയെ കണ്ടിരുന്നു. കേസിന് വലിയ വ്യാപ്തിയില്ലന്നാണ് വാര്‍ത്തകളില്‍നിന്ന് മനസിലാകുന്നത്. കുറ്റപത്രം സമയത്തിനു നല്‍കാന്‍ പ്രോസിക്യൂഷന് സാധിക്കില്ല. ജോളിയോട് കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. നരഹത്യയാണെന്ന് തെളിയിക്കേണ്ടത് പ്രോസിക്യൂഷനാണ്. ചെറിയ കുട്ടിയൊഴികെ ബാക്കി എല്ലാവരും ആത്മഹത്യ ചെയ്തതാകുമെന്നാണ് വാര്‍ത്തകളില്‍നിന്ന് മനസിലാകുന്നത്. അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കൊണ്ട് (ശാസ്ത്രീയമായി പറയാന്‍ സാധിക്കില്ല) ഇവരൊക്കെ മരിച്ചതാണ്. നരഹത്യയാണെന്ന് തെളിയിക്കാന്‍ ആറ് ദിവസത്തെ കസ്റ്റഡി കാലാവധി കൊണ്ട് അന്വേഷണസംഘത്തിന് സാധിക്കണം. അതിനു കഴിയില്ലെന്നാണ് തോന്നുന്നത്,” ബി.എ.ആളൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, കൊലക്കേസില്‍ ജോളിയെയും മറ്റ് രണ്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആറ് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. പൊലീസ് പത്ത് ദിവസത്തെ കസ്റ്റഡിക്കായി അപേക്ഷിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രതികളെ ചോദ്യം ചെയ്തശേഷം കൂടത്തായിയില്‍ തെളിവെടുപ്പിനെത്തിക്കും.

വടകര റൂറൽ എസ്‌പി ഓഫീസിലാണ് ജോളിയെ എത്തിച്ചിരിക്കുന്നത്. ഇവിടെ വച്ച് വിശദമായ ചോദ്യം ചെയ്യൽ നടക്കും. കൊയിലാണ്ടിയിലെ ആശുപത്രിയിലെത്തിച്ച് പ്രതികളുടെ വൈദ്യപരിശോധന നടത്തി. കോടതിയിലും ആശുപത്രി പരിസരത്തും വൻ ജനാവലിയാണ് പ്രതികളെ കാണാനെത്തിയത്. കോടതിക്ക് പുറത്തുവച്ചും ആശുപത്രി പരിസരത്തുവച്ചും ജനക്കൂട്ടം ജോളിയെ കൂവി വിളിച്ചു.

Read Also: കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പര; കൊലകൾക്ക് ഇടവേളയെടുത്തത് ബോധപൂർവ്വം

കേസന്വേഷിക്കാൻ ആറ് സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. കൊലപാതക പരമ്പരയിലെ ഓരോ കേസും ഓരോ സംഘമാണ് അന്വേഷിക്കുക. കോഴിക്കോട് ജില്ലയിലെ മികച്ച ഉദ്യോഗസ്ഥരാണു സംഘങ്ങളിലുള്ളത്. ആറ് സംഘങ്ങളുടെയും ചുമതല കോഴിക്കോട് റൂറൽ എസ്‌പി കെ.ജി സൈമണിനാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.