കൊച്ചി: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളി ജീവനക്കാരിലൊരാളായ എറണാകുളം ഇരുമ്പനം സ്വദേശി സിജു വി.ഷേണായി കുടുംബവുമായി ബന്ധപ്പെട്ടു. ഇന്നു രാവിലെ 10.45 നാണ് സിജു ഫോണിൽ അച്ഛനോടും അമ്മയോടും സംസാരിച്ചത്. ഏകദേശം മൂന്നു മിനിറ്റോളം വീട്ടുകാരുമായി സംസാരിച്ചു. താൻ സുരക്ഷിതനാണെന്നും ഭയപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നും മകൻ പറഞ്ഞതായി അച്ഛൻ വിഠൽ ഷേണായി ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
സിജു ഇന്നു വീട്ടുകാരുമായി ബന്ധപ്പെടുമെന്ന് കപ്പൽ കമ്പനി അധികൃതർ ഇന്നലെ ഫോൺ മെസേജിലൂടെ വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു രാവിലെ സിജു വീട്ടുകാരുമായി സംസാരിച്ചത്. ജൂലൈ 18 നാണ് സിജു അവസാനമായി വീട്ടുകാരുമായി ബന്ധപ്പെട്ടത്. 5 ദിവസത്തിനുശേഷം മകനുമായി സംസാരിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ മാതാപിതാക്കൾ.
ജൂലൈ 19 നാണ് ബ്രിട്ടീഷ് എണ്ണക്കപ്പൽ ‘സ്റ്റെന ഇംപെറോ’ ഇറാൻ പിടിച്ചെടുക്കുന്നത്. അന്നു രാത്രി തന്നെ ഈ വിവരം കപ്പൽ കമ്പനി അധികൃതർ സിജുവിന്റെ പിതാവിനെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞിരുന്നു. ഇരുമ്പനത്തെ ഹീരാ ഫ്ലാറ്റിലാണ് സിജുവിന്റെ മാതാപിതാക്കളായ ആലപ്പുഴ സ്വദേശി വിഠൽ ഷേണായിയും ശ്യാമളയും താമസിക്കുന്നത്. ഇവരുടെ ഏകമകനാണ് സിജു.

‘സ്റ്റെന ഇംപെറോ’യിൽ മറൈൻ എൻജിനീയറാണ് സിജു. നാലു വർഷമായി കമ്പനിയിൽ ജോലി ചെയ്യുന്നു. ജൂൺ 14 നാണ് അവധി കഴിഞ്ഞ് സിജു മടങ്ങിയത്. ജൂൺ 18 നാണ് ജോലിയിൽ പ്രവേശിച്ചത്. അന്നു വൈകിട്ട് വീട്ടുകാരുമായി സംസാരിച്ചിരുന്നു. ദിവസവും രണ്ടു മൂന്നു തവണ വീട്ടുകാരുമായി സംസാരിക്കുമായിരുന്നു. 19 ന് രാവിലെ മകൻ വിളിക്കാത്തതിൽ മാതാപിതാക്കൾ ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് രാത്രിയോടെ കപ്പൽ കമ്പനി അധികൃതർ ഇറാൻ കപ്പൽ പിടിച്ചെടുത്ത വിവരം കുടുംബത്തെ വിവരം അറിയിക്കുന്നത്.