കൊച്ചി: ഓരോ ഫോണ്‍ കോളുകള്‍ വരുമ്പോഴും പാപ്പച്ചന്‍ വലിയ പ്രതീക്ഷയോടെയാണ് ഫോണ്‍ എടുക്കുന്നത്. മകന്‍ ഡിജോയായിരിക്കും ഫോണിനപ്പുറത്തെന്ന് പാപ്പച്ചനും ഡീനയും പ്രതീക്ഷിക്കുന്നു. മകന്‍ വീട്ടിലേക്ക് വിളിച്ചിട്ട് ആറ് ദിവസമായി. ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളി ജീവനക്കാരില്‍ ഒരാളാണ് കളമശേരി സ്വദേശിയായ 26 കാരന്‍ ഡിജോ പാപ്പച്ചന്‍.

കപ്പലിലെ കുക്കാണ് ഡിജോ. കപ്പലില്‍ ഡിജോ സുരക്ഷിതനാണെന്ന് കുടുംബത്തിന് മനസിലായി. എങ്കിലും മകന്റെ ശബ്ദം കേള്‍ക്കാന്‍ ഈ പിതാവും മാതാവും ആഗ്രഹിക്കുന്നു. ഇന്ന് ഉച്ചയോടെ ഒരു ഫോണ്‍ കോള്‍ എത്തി. ഇറാന്‍ പിടിച്ചെടുത്ത ‘സ്റ്റെന ഇംപെറോ’ എന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിലെ അധികൃതരാണ് വിളിച്ചത്. ഇംഗ്ലീഷിലാണ് കാര്യങ്ങള്‍ പറഞ്ഞത്. പാപ്പച്ചന് കാര്യങ്ങളൊക്കെ ഏതാണ്ട് മനസിലായി. ഡിജോ വീട്ടിലേക്ക് ഫോണില്‍ ബന്ധപ്പെടുമെന്നാണ് കമ്പനി പറയുന്നത്. ഇത് കേട്ടതും പാപ്പച്ചനും ഡീനയും ആശ്വസിച്ചു. ഇപ്പോള്‍ ഡിജോയുടെ ഫോണിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും.

രണ്ട് വര്‍ഷമായി ‘സ്റ്റെന ഇംപെറോ’ കമ്പനിയിലെ ജോലിക്കാരനാണ് ഡിജോ. നൈപുണ്യയില്‍ ഹോട്ടല്‍ മാനേജുമെന്റ് പഠിച്ച ശേഷം യൂറോടെക്കില്‍ നിന്ന് ഷിപ്പിങ് കോഴ്‌സിലും സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി. അതിനു പിന്നാലെയാണ് ക്യാംപസ് റിക്രൂട്ട്‌മെന്റിലൂടെ ഡിജോ ‘സ്റ്റെന ഇംപെറോ’ കമ്പനിയിലെ ജോലിക്കാരനാകുന്നത്. മെയ് 18 നാണ് ഏറ്റവും അവസാനമായി ഡിജോ ലീവിന് എത്തിയത്. ജൂണ്‍ 14 ന് തിരിച്ചുപോകുകയും ചെയ്തു. ജൂണ്‍ 18 നാണ് ജോലിയില്‍ പ്രവേശിക്കുന്നത്. അതിനു ശേഷം കൃത്യം ഒരു മാസം പിന്നിടുമ്പോള്‍ ഡിജോ ജോലി ചെയ്തിരുന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുക്കുകയും ചെയ്തു.

Read Also: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളി ജീവനക്കാരിലൊരാളായ എറണാകുളം ഇരുമ്പനം സ്വദേശി സിജു വി.ഷേണായി കുടുംബവുമായി ബന്ധപ്പെട്ടു. ഇന്നു രാവിലെ 10.45 നാണ് സിജു ഫോണിൽ അച്ഛനോടും അമ്മയോടും സംസാരിച്ചത്. ഏകദേശം മൂന്നു മിനിറ്റോളം വീട്ടുകാരുമായി സംസാരിച്ചു.

ജൂലൈ 18 ന് രാവിലെ 10.30 നാണ് ഡിജോ അവസാനമായി വീട്ടിലേക്ക് വിളിക്കുന്നത്. അമ്മയോട് കുറേനേരം സംസാരിച്ചു. പിന്നീട് ഇത്ര ദിവസമായിട്ടും കളമശേരിയിലെ വീട്ടിലേക്ക് ഡിജോയുടെ ഫോണ്‍ കോള്‍ എത്തിയിട്ടില്ല. ജൂലൈ 19 ന് പുലര്‍ച്ചെ 1.30 നാണ് കമ്പനിയില്‍ നിന്ന് ഡിജോയുടെ വീട്ടിലേക്ക് ഫോണ്‍ കോള്‍ വരുന്നത്. കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിരിക്കുകയാണെന്ന കാര്യം അപ്പോഴാണ് വീട്ടിലുള്ളവര്‍ അറിയുന്നത്. പാപ്പച്ചന്റെ മൂന്ന് മക്കളില്‍ രണ്ടാമത്തവനാണ് ഡിജോ. പാപ്പച്ചന്റെ മൂത്ത മകള്‍ ലണ്ടനില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആണ്. മൂന്നാമത്തെ മകള്‍ പത്താം ക്ലാസില്‍ പഠിക്കുന്നു. കപ്പല്‍ ഇറാന്‍ പിടിച്ചെടുത്ത കാര്യം അറിഞ്ഞതും വീട്ടിലുള്ളവര്‍ ആകെ നിരാശയിലായി.

ഡിജോയെ കുറിച്ച് പത്രത്തിൽ വന്ന വാർത്ത വായിക്കുന്ന പാപ്പച്ചൻ

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായി പാപ്പച്ചന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിടിച്ചെടുത്ത കപ്പലിലെ എല്ലാവരും സുരക്ഷിതരാണെന്ന് മന്ത്രി പറഞ്ഞതായി പാപ്പച്ചന്‍ പറയുന്നു. കളമശേരി എംഎല്‍എ ഇബ്രാഹിംകുഞ്ഞും രാജ്യസഭാ മുന്‍ എംപിയും സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയുമായ പി.രാജീവും വീട്ടില്‍ വന്നിരുന്നു എന്നും പാപ്പച്ചന്‍ പറഞ്ഞു. ഡിജോയും മറ്റുള്ളവരും സുരക്ഷിതരാണെന്ന കാര്യം അറിഞ്ഞപ്പോഴാണ് വീട്ടില്‍ എല്ലാവര്‍ക്കും സമാധാനമായതെന്നും മകൻ വിളിക്കുന്നത് കാത്തിരിക്കുകയാണെന്നും പാപ്പച്ചന്‍ പറയുന്നു.

അതേസമയം, ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതായി വിദേശകാര്യ സെക്രട്ടറി അറിയിച്ചു. ചര്‍ച്ചകള്‍ തുടരുകയാണ് എത്രയും വേഗ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.