ഹൈദരാബാദ്: സിപിഎമ്മിന്റെ കരടു രാഷ്ട്രീയ പ്രമേയത്തില്‍ തിരുത്തലല്ല ഉണ്ടായതെന്നും കോണ്‍ഗ്രസുമായുള്ള സഖ്യത്തെ സംബന്ധിച്ച ഖണ്ഡിക മാറ്റിയെഴുതുക മാത്രമാണു ചെയ്തതെന്നും പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഒരു നിലപാടും പാര്‍ട്ടി തള്ളുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും വൃന്ദ വെളിപ്പെടുത്തി.
“പൊതുസമ്മതത്തിന്റെ അടിസ്ഥാനത്തിൽ ചില പരിഷ്കാരങ്ങൾ വരുത്തുക വഴി നയം ഒന്നു കൂടി സ്പഷ്ടമാക്കുകയാണുണ്ടായത്. ന്യൂനപക്ഷ അഭിപ്രായങ്ങൾ സ്വീകരിക്കലോ ഭൂരിപക്ഷ അഭിപ്രായങ്ങൾ തള്ളലോ ഒന്നുമുണ്ടായിട്ടില്ല. പാർട്ടിയുടെ സ്വതന്ത്ര ശക്തി വർദ്ധിപ്പിക്കുന്നതിനും ബി ജെ പി വിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിക്കുന്നതിനും ഉതകുന്ന വിധത്തിൽ വളരെ വ്യക്തത വരുത്തിയ രാഷ്ട്രീയനയമാണ് പാർട്ടി മുന്നോട്ട് വയ്ക്കുന്നത്”, പാർട്ടി കോൺഗ്രസിന്റെ നാലാം ദിവസത്തെ ചർച്ച വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ വൃന്ദ ചോദ്യങ്ങൾക്ക് മറുപടിയായി വ്യക്തമാക്കി.
“രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് അനുസരിച്ച് അഭിപ്രായങ്ങളിലും മാറ്റമുണ്ടായിക്കൊണ്ടിരിക്കും. സി പി എം ഏകശിലാസ്തംഭം പോലെ നിൽക്കുന്ന ഒറ്റ ചിന്ത മാത്രമുള്ള പാർട്ടിയല്ല. വിശാലമായ ചിന്തയുടെ സംസ്കാരമുള്ള പാർട്ടിയാണ്. ചർച്ചകളെയും സംവാദങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണ്. ഈ മഹത്തായ ജനാധിപത്യമാതൃകയെ നിങ്ങൾ അഭിനന്ദിക്കുകയെങ്കിലും വേണം”, വൃന്ദ കാരാട്ട് പറഞ്ഞു.
“പാർട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ഇടതുപക്ഷത്തിനാകെ കരുത്ത് പകരും. മാധ്യമങ്ങൾ വ്യാഖ്യാനിക്കുന്നതു പോലെ പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വിജയമോ പരാജയമോ അല്ല. വ്യത്യസ്ത അഭിപ്രായങ്ങൾ ചർച്ച ചെയ്ത ശേഷം എല്ലാവരുടെയും അംഗീകാരത്തോടെയാണ് പ്രമേയം പാസാക്കിയത്.” പാർട്ടിയുടെ നേതൃത്വത്തിലുള്ള പോരാട്ടങ്ങൾ തുടരാനും ജനകീയ സമരങ്ങൾക്ക് കരുത്തുപകരാനും ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനും ബിജെപിക്കെതിരെ മതേതരവോട്ടുകൾ ഏകോപിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നും അവർ പറഞ്ഞു.