scorecardresearch

പ്രഭാത സവാരിക്കാർക്കായി നാളെ കൊച്ചിയിലൊരു പാലം തുറക്കും

അപ്രോച്ച് റോഡില്ലാതെ പണികഴിപ്പിച്ച ഒരു പാലം നാളെ ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ ഇതിന്റെ നേട്ടം ആർക്കാണെന്ന ചോദ്യവും ഉയരുന്നുണ്ട്.

അപ്രോച്ച് റോഡില്ലാതെ പണികഴിപ്പിച്ച ഒരു പാലം നാളെ ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ ഇതിന്റെ നേട്ടം ആർക്കാണെന്ന ചോദ്യവും ഉയരുന്നുണ്ട്.

author-image
Kiran Gangadharan
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kannangattu bridge

കണ്ണങ്ങാട്ട്-വില്ലിംഗ്‌ടൺ ഐലന്റ് പാലം

കേരളത്തിൽ റോഡ് യാത്രയെ കുറിച്ച് ചോദിച്ചാൽ നല്ല അഭിപ്രായം പറയാൻ ആരുടെയും നാവ് പൊങ്ങുമെന്ന് തോന്നുന്നില്ല. ഒന്നുകിൽ കുണ്ടും കുഴിയും നിറഞ്ഞ് കുളമായ, നടുവൊടിക്കുന്ന, അല്ലെങ്കിൽ ഗതാഗതക്കുരുക്കിൽ സമയം കൊല്ലുന്ന അവസ്ഥ. ഇനി പാലം വന്നാലോ ഒന്നുകിൽ കൊല്ലുന്ന ടോൾ, അല്ലെങ്കിൽ പാലമുണ്ടാകും അപ്രോച്ച് റോഡ് ഉണ്ടാകില്ല. ഇല്ലെങ്കിൽ അപ്രോച്ച് റോഡ് ഉണ്ടാകും പാലമുണ്ടാകില്ല ഇതാണ് കേരളത്തിലെ ഗതാഗത വികസനത്തിൻറെ അവസ്ഥ. മെട്രോ വന്ന് ഗതാഗത കൂടുതൽ സുഗമാക്കുന്ന എറണാകുളവും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല.

Advertisment

ഇനി പുതിയൊരു റോഡ് പണിതാൽ പുറകേ വരും വാട്ടർ അതോറിറ്റിയുടെ പൈപ്പിടൽ ജോലികൾ. പുതുമോടി മാറും മുൻപ് റോഡ് കുത്തിപ്പൊളിച്ച് തങ്ങളുടെ പണി തീർത്ത് പൊടിയും തട്ടി ജല അതോറിറ്റി പോയാൽ, കുഴികളിൽ ചാഞ്ഞും ചരിഞ്ഞുമാകും വാഹനങ്ങളുടെ മുന്നോട്ട് പോക്ക്.  വികസനത്തിന്റെ തല തിരിഞ്ഞ മറ്റൊരു പ്രവൃത്തിയാണ് കൊച്ചിയിൽ സെപ്തംബർ 22 ന് ഉദ്ഘാടനം ചെയ്യപ്പെടാൻ പോകുന്ന കണ്ണങ്ങാട്ട്-വില്ലിംഗ്‌ടൺ ഐലന്റ് പാലം.

Read More: പൊതുമരാമത്ത് വകുപ്പിൽ പ്രൊഫഷണലിസത്തിന്റെ അഭാവം; മന്ത്രി ജി.സുധാകരൻ

ഒരു പദ്ധതി പ്രഖ്യാപിക്കും മുൻപ് തന്നെ അതിനെ കുറിച്ച് പഠനം നടത്തുന്ന ഒരു രീതിയുണ്ട്. അതും കേരളത്തിലെ മുൻ സർക്കാരും പിന്നീട് വന്നവരും മറന്നുപോയതിന്റെയോ മാറ്റിവച്ചതിന്റെയോ അടയാളമായി പദ്ധതിയെ കാണാം. സംഭവമിതാണ്. കണ്ടെയ്‍‌നർ ലോറികൾക്കടക്കം  ഗതാഗത സൗകര്യമൊരുക്കാനായി പണിത പാലത്തിന് അപ്രോച്ച് റോഡില്ല!. ഉള്ള റോഡിലേക്ക് തന്നെ പാലത്തിൽ നിന്ന് വഴിയുമില്ല!. വഴിയുണ്ടാക്കാനുള്ള നടപടികൾ ഒച്ചിഴയും വേഗത്തിൽ മുന്നോട്ട് പോകുന്നുണ്ട്. ഇത് എന്നെങ്കിലും പൂർത്തിയായാൽ തന്നെ വലിയ വാഹനങ്ങൾക്കൊന്നും ഈ വഴി പോകാനും സാധിക്കില്ല.

Advertisment

വാഹന ഗതാഗതം അടുത്ത കാലത്തൊന്നും യാഥാർത്ഥ്യമായില്ലെങ്കിലും ഇവിടെ മറ്റ് ചില കാര്യങ്ങൾ മുറ പോലെ നടക്കുന്നുണ്ട്. പാലം പണി പൂർത്തിയായതോടെ ഇതിന്റെ പ്രധാന ഉപയോക്താക്കളായി മാറിയിരിക്കുന്നത് പ്രഭാതസവാരിക്കാരാണ്. ചൂണ്ടയിടാനായി എത്തുന്നവരും  കായൽകാഴ്ച ആസ്വദിച്ച് വൈകുന്നേരം ചിലവിടാനുമെത്തുന്നവർ വേറെ.

കണ്ണങ്ങാട്ട്-വില്ലിംഗ്ടൺ ഐലന്റ് പാലം

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തൃപ്പൂണിത്തുറ എംഎൽഎ യും മുൻമന്ത്രിയുമായിരുന്ന കെ.ബാബുവിന്റെ ശ്രമഫലമായാണ് കണ്ണങ്ങാട്ട് ക്ഷേത്രത്തിന് പുറകു  വശത്ത് നിന്ന് ആരംഭിച്ച് പഴയ കൊച്ചി വിമാനത്താവളത്തിന്റെ  പിന്നിൽ  ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിക്ക് സമീപത്തായി അവസാനിക്കുന്ന പാലത്തിന് പണം നീക്കിവച്ചത്. ഏറെക്കാലം മുൻപേ പരിഗണനയിലുണ്ടായിരുന്ന പദ്ധതിയാണെങ്കിലും കെ.ബാബു മുൻകൈയെടുത്താണ് ഇത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വീണ്ടും ഉയിർത്തെഴുന്നേൽപ്പിച്ചത്. 2012 ൽ നിർദ്ദേശിച്ച പദ്ധതിക്ക് അന്ന് വില്ലിംഗ്ടൺ ഐലന്റിൽ സ്ഥലം വിട്ടുനൽകിയത് കൊച്ചിൻ പോർട്ടാണ്.

ഇടക്കൊച്ചി ഭാഗത്ത് കണ്ണങ്ങാട്ട് ക്ഷേത്രത്തിന് സമീപം രണ്ട് റോഡുകളാണ് പാലവുമായി ബന്ധിപ്പിക്കാൻ പാകത്തിന് ഉണ്ടായിരുന്നത്. താരതമ്യേന വീതിയുള്ള ഇന്ദിരാഗാന്ധി റോഡും, വീതി കുറഞ്ഞ കണ്ണങ്ങാട് റോഡും.

അപ്രോച്ച് റോഡില്ലാതെ പോയത് ഇങ്ങിനെ

മുൻ മന്ത്രിയും തൃപ്പൂണിത്തുറ എംഎൽഎയും ആയിരുന്ന കെ.ബാബു

2012 ൽ പാലത്തിനുള്ള നിർദ്ദേശം മുന്നോട്ട് വച്ചപ്പോൾ സ്ഥലമെടുക്കേണ്ട ആവശ്യമില്ലെന്നാണ് കെ.ബാബു അറിയിച്ചത്. ഇന്ദിരാഗാന്ധി റോഡിലേക്ക് നേരിട്ട് എത്താവുന്ന വിധത്തിൽ പാലം പണി പൂർത്തീകരിക്കാനാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അലൈൻമെന്റ് മാറിയതോടെ ആ പദ്ധതി പാളി.

"ആദ്യം പാലത്തിന് അംഗീകാരം നൽകിയപ്പോൾ അപ്രോച്ച് റോഡിന്റെ ആവശ്യം ഇല്ലായിരുന്നു. അവിടെ ഇന്ദിരാഗാന്ധി റോഡിന് ആവശ്യത്തിന് വീതിയുണ്ട്. അതിലേയ്ക്ക് ബന്ധിപ്പിക്കാനായിരുന്നു ശ്രമം. മറുവശത്ത് പോർട്ട് ട്രസ്റ്റ് ഭൂമി തന്നപ്പോൾ പാലത്തിന്റെ അലൈൻമെന്റിൽ ചെറിയ മാറ്റം വന്നു. പിന്നീട് വന്നവർ റോഡ് ബന്ധിപ്പിക്കാൻ നടപടിയെടുത്തില്ല," കെ.ബാബു പറഞ്ഞതിങ്ങനെ.

മാറിയ രൂപരേഖ പ്രകാരം കണ്ണങ്ങാട് റോഡിലേക്ക് ബന്ധിപ്പിക്കാവുന്ന വിധത്തിലായി പാലത്തിന്റെ ദിശ. എന്നാൽ ഈ റോഡിന് വീതി കുറവാണ്. പാലത്തിൽ നിന്നും ഈ റോഡിലേക്ക് പിന്നെയും 100 മീറ്ററോളം ദൂരമുണ്ടായിരുന്നു താനും.

publive-image ഇന്ദിരാഗാന്ധി റോഡ്

"കണ്ണങ്ങാട് റോഡിലേക്ക് പാലത്തിൽ നിന്നും വാഹനങ്ങൾക്ക് പ്രവേശിക്കണമെങ്കിൽ ആ ഭാഗത്ത് റോഡ് വേണമായിരുന്നു. അന്ന് അതിനുള്ള ശ്രമം നടത്തിയപ്പോൾ ക്ഷേത്രം അധികൃതർ എന്നെ വന്ന് കണ്ടു. ക്ഷേത്രത്തിന്റെ സ്ഥലം ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കി നൽകണം എന്നായിരുന്നു അവരുടെ ആവശ്യം," കെ. ബാബു കൂട്ടിച്ചേർത്തു.

publive-image കണ്ണങ്ങാട്ട് റോഡ്. ഈ റോഡുമായാണ് പാലത്തെ ബന്ധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

പാലത്തിന് ആവശ്യങ്ങളും ഏറെ

2012 ൽ പദ്ധതി മുന്നോട്ട് വച്ചപ്പോൾ ഇടക്കൊച്ചിയിൽ പണികഴിപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്രിക്കറ്റ് സ്റ്റേഡിയം പ്രധാന പദ്ധതിയായിരുന്നു. എന്നാൽ ഈ പദ്ധതി പിന്നീട് ഉപേക്ഷിക്കപ്പെട്ടു.

അപ്പോഴും എഴുപുന്ന, കുമ്പളങ്ങി, പെരുമ്പടപ്പ്  എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് എളുപ്പത്തിൽ എറണാകുളം നഗരത്തിലേക്ക് എത്താവുന്ന യാത്രാമാർഗ്ഗമായി ഇതിനെ ഉപയോഗിക്കാം. ആലപ്പുഴ ഭാഗത്ത് നിന്നുളളവർക്ക് തിരക്കേറിയ തോപ്പുംപടി വഴി ഉപേക്ഷിച്ച് ഈ പാലത്തിൽ കൂടി വേഗത്തിൽ നഗരത്തിൽ എത്തിച്ചേരാനും സാധിക്കും.

ഇതിനേക്കാളേറെ പ്രാധാന്യമുള്ളതാണ് കൊച്ചിൻ പോർട്ടിലേക്കുള്ള ചരക്കു ഗതാഗതം. ഇടക്കൊച്ചി-ചേർത്തല മേഖലയിൽ നിരവധി വെയർഹൗസുകളാണ് ഉള്ളത്. സമുദ്രോൽപ്പന്ന കയറ്റുമതി, ഭക്ഷ്യോൽപ്പന്ന കയറ്റുമതി തുടങ്ങി നിരവധി ആവശ്യങ്ങൾക്കായുള്ള ഫ്രീസിങ് പ്ലാന്റുകളും  ഈ ഭാഗത്തുണ്ട്.

കൊച്ചിൻ പോർട്ടിലേക്ക് ഈ വെയർഹൗസുകളിൽ നിന്ന് 20 ഉം 40 ഉം അടിയുള്ള കണ്ടെയ്നറുകളുമായി ലോറികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനും ഈ വഴി സഹായിക്കും. അങ്ങിനെ വന്നാൽ തോപ്പുംപടിയിലെ വാഹന ഗതാഗതത്തിന്റെ തിരക്ക് കുറയുകയും എറണാകുളം നഗരത്തിലേക്കുള്ള ഗതാഗതം സുഗമമാകുകയും ചെയ്യും.

സർക്കാർ മാറി, എംഎൽഎയും

പാലവും റോഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നതിനിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അപ്പോഴേക്കും പാലം പണി ഏതാണ്ട് പൂർത്തിയായിരുന്നു. എന്നാൽ പദ്ധതി തുടങ്ങിവച്ച സർക്കാരും എംഎൽഎയും മാറി. കെ. ബാബു തൃപ്പൂണിത്തുറ മണ്ഡലത്തിൽ ഇടതുസ്ഥാനാർത്ഥിയായ എം. സ്വരാജിനോട് പരാജയപ്പെട്ടു.

publive-image ജോൺ ഫെർണാണ്ടസ് എംഎൽഎ

എന്നാൽ എം. സ്വരാജായിരുന്നില്ല പദ്ധതി പിന്നീട് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയത്. ഇടക്കൊച്ചി സ്വദേശിയും നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയുമായ ജോൺ ഫെർണാണ്ടസാണ് പിന്നീട് ഇതിനായുള്ള ഇടപെടൽ നടത്തിയത്.

"പാലത്തിലേക്ക് കണ്ടെയ്നർ ലോറികൾ പ്രവേശിക്കണമെങ്കിൽ അതിന് വീതിയുള്ള അപ്രോച്ച് റോഡ് പണിയണമായിരുന്നു. അതിന് പദ്ധതിയുണ്ടായിരുന്നില്ല. കണ്ണങ്ങാട് റോഡിലേക്ക് പാലത്തെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഞങ്ങൾ നടത്തിയത്. ആ റോഡിന് അഞ്ച് മീറ്റർ വീതിയേ ഉള്ളൂ. റോഡിന്റെ വീതി കൂട്ടേണ്ടതും അതിനായി സ്ഥലം ഏറ്റെടുക്കേണ്ടതുമെല്ലാം നഗരസഭയുടെ ജോലിയാണ്. എന്നിട്ടും സ്ഥലം ഏറ്റെടുക്കാൻ എംഎൽഎ ഫണ്ട് ഉപയോഗിച്ചു," ജോൺ ഫെർണാണ്ടസ് എംഎൽഎ പറഞ്ഞു.

പാലത്തിൽ നിന്നും റോഡിലേക്കുള്ള സ്ഥലം ഏറ്റെടുത്ത് ഇവിടെ റോഡ് നിർമ്മിക്കാനുള്ള ചുമതല കൊച്ചി നഗരസഭയ്ക്കാണ്. "പാലത്തിന് സമീപത്തെ 77 സെന്റ് സ്ഥലം എംഎൽഎ ഫണ്ടിൽ നിന്നും 2.8 കോടി മുടക്കി ഏറ്റെടുത്തിട്ടുണ്ട്. പിന്നെയും 50 മീറ്ററോളം ഭാഗമുണ്ട്. അവിടെ സ്ഥലം ഏറ്റെടുക്കേണ്ടതും റോഡ് നിർമ്മാണം നടത്തേണ്ടതും നഗരസഭയാണ്," ജോൺ ഫെർണാണ്ടസ് എംഎൽഎയുടെ ഓഫീസ്  അറിയിച്ചു.

സ്ഥലം ഏറ്റെടുക്കാൻ ബജറ്റിൽ പണം നീക്കിവയ്ക്കാം

ഈ ഭാഗത്ത്, നഗരസഭയുടെ സ്ഥലമേറ്റെടുക്കൽ നടപടികളും നടക്കുന്നുണ്ട്. പക്ഷെ പാലത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നിശ്ചയിച്ചിരിക്കെ, അനുബന്ധമായ റോഡ് നിർമ്മാണം ഇനിയും ആരംഭിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

publive-image പാലവും കണ്ണങ്ങാട്ട് റോഡും തമ്മിൽ ബന്ധിപ്പിക്കേണ്ട ഭാഗം. ഇവിടെ നൂറ് മീറ്ററോളം ഭാഗത്ത് റോഡ് നിർമ്മിക്കാനുണ്ട്.

"പാലം പണി പൂർത്തിയാകുന്ന സമയത്താണ് ക്ഷേത്ര സമിതി അവരുടെ അതിർത്തിയിൽ മതിൽ പണിഞ്ഞത്. ഇതോടെ തർക്കമായി. അന്ന് ജോൺ ഫെർണാണ്ടസ് എംഎൽഎയും എം. സ്വരാജ് എംഎൽഎയും ക്ഷേത്രം അധികൃതരുമായി ചർച്ച നടത്തിയാണ് ആ തർക്കം പരിഹരിച്ചത്. ഇവരുടെ എംഎൽഎ ഫണ്ടിൽ നിന്നാണ് ക്ഷേത്രത്തിന്റെയടക്കമുള്ള ഭൂമിക്ക് പണം നൽകിയത്," കൊച്ചി നഗരസഭ, ഇടക്കൊച്ചി നോർത്ത് ഡിവിഷൻ അംഗം കെജെ ബേസിൽ പറഞ്ഞു.

publive-image ഇന്ദിരാഗാന്ധി റോഡിനെയും പാലത്തെയും ബന്ധിപ്പിക്കുന്ന ഇടറോഡ്

"ഇവിടെ കണ്ണങ്ങാട് റോഡിനെയും പാലത്തെയും ബന്ധിപ്പിക്കാൻ ഞങ്ങൾ സ്ഥലം ഏറ്റെടുക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 1.45 കോടി ഇതിനായി ചിലവഴിച്ചിരുന്നു. ഈ വർഷം 50 ലക്ഷത്തോളം രൂപ സ്ഥലമേറ്റെടുക്കാൻ നീക്കിവച്ചിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷത്തിലും പണം നീക്കിവയ്ക്കാമെന്ന് മേയർ സൗമിനി ജയിൻ ഉറപ്പ് നൽകിയിട്ടുണ്ട്," നഗരസഭാംഗം പറഞ്ഞു.

ചിലയിടങ്ങളിൽ ടാർ ചെയ്തും ചിലയിടങ്ങളിൽ ടാറിടാതെയുമാണ് കണ്ണങ്ങാട് റോഡുള്ളത്. "ഇതിലൂടെ രണ്ട് വാഹനങ്ങൾ എതിർദിശകളിൽ വന്നാൽ തന്നെ ബ്ലോക്കാവും. റോഡിലെ ഒരു കൽവർട്ട് കാലപ്പഴക്കം വന്നതാണ്. വലിയ വാഹനങ്ങളെയൊന്നും വഹിക്കാനുള്ള ശേഷി അതിനില്ല," നാട്ടുകാരനായ ടോണി പറഞ്ഞു.

publive-image പാലവും റോഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഏറ്റെടുക്കേണ്ട സ്ഥലം

വെള്ളിയാഴ്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനാണ് പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. പക്ഷെ പാലത്തിലൂടെ വാഹനങ്ങളൊന്നും കായലിന്റെ മറുകര താണ്ടുമെന്ന മോഹം ലവലേശം വേണ്ട. പാലം പണി പൂർത്തിയായ സ്ഥിതിക്ക് ഉദ്ഘാടനം നടത്തുന്നുവെന്ന് മാത്രം.

നിലവിലെ സ്ഥിതിയിൽ പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഭാവിയിൽ റോഡ് നിർമ്മാണം പൂർത്തീകരിച്ചേക്കും. മൂന്നോ നാലോ വർഷം കുറഞ്ഞത് ഇതിനായി വേണ്ടിവന്നേക്കുമെന്ന് നമുക്ക് കരുതാം. റോഡ് വാഹനഗതാഗതത്തിന് തുറക്കപ്പെടുമ്പോൾ വീണ്ടുമൊരു ഉദ്ഘാടനം കൂടി പ്രതീക്ഷിക്കാം. അതുവരെ, തുടർച്ചയില്ലാത്ത ഈ പാലത്തിൽ പ്രഭാത സവാരിക്കാർ വ്യായാമം ചെയ്യട്ടെ. ചൂണ്ടയിട്ട് ആളുകൾ കായലിൽ നിന്ന് മത്സ്യം പിടിക്കട്ടെ. സ്വസ്ഥമായ സായന്തനങ്ങൾ ആസ്വദിക്കാൻ ആളുകളെത്തട്ടെ.

നമുക്ക് കാത്തിരിക്കാം. എന്നെങ്കിലും ഇതുവഴി യാത്ര ചെയ്യുന്നതിനായി.

G Sudhakaran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: