scorecardresearch
Latest News

കൈക്കൂലിക്കേസ്; വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തു

സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതി ജൂൺ 6 വരെ റിമാൻഡ് ചെയ്തു. ഇയാളെ തൃശൂർ ജില്ലാ ജയിലിലേക്ക് മാറ്റി

suresh Kumar, kerala news, ie malayalam
സുരേഷ് കുമാർ

പാലക്കാട്: മണ്ണാര്‍ക്കാട് താലൂക്കിലെ പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി.സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. മേയ് 23 മുതൽ പ്രാബല്യത്തോടെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുന്നത്. ലൊക്കേഷന്‍ സ്‌കെച്ച് നല്‍കുന്നതിനായി 2500 രൂപ കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്ന് കല്ലടി കോളേജ് ഗ്രൗണ്ടിന് സമീപത്തുവച്ച് പൊലീസ് വിജിലൻസ് വിഭാഗം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

മഞ്ചേരി സ്വദേശിയായ വിപിൻ ബാബു നൽകിയ പരാതിയിലാണ് സുരേഷ് കുമാർ പിടിയിലായത്. വിപിൻ ബാബുവിൽനിന്ന് 2500 രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. മുൻപ് രണ്ടു തവണ വിപിൻ ബാബുവിൽനിന്ന് 1000 രൂപയും 9000 രൂപയും ഇയാൾ കൈക്കൂലി വാങ്ങിയിരുന്നു. വീണ്ടും 2500 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതോടെ വിപിൻ ബാബു വിജിലൻസിൽ വിവരം അറിയിക്കുകയായിരുന്നു.

സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതി ജൂൺ 6 വരെ റിമാൻഡ് ചെയ്തു. ഇയാളെ തൃശൂർ ജില്ലാ ജയിലിലേക്ക് മാറ്റി.

മണ്ണാർക്കാട്ട് സുരേഷ് താമസിക്കുന്ന വാടക മുറിയിൽനിന്ന് 35 ലക്ഷം രൂപയാണ് വിജിലൻസ് പിടിച്ചെടുത്തത്. 17കിലോ നാണയങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകളിലാണ് പണം സൂക്ഷിച്ചിരുന്നത്. ബാങ്കിൽ 46 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ 25 രൂപയുമുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

മൂന്നു വർഷം മുൻപാണ് സുരേഷ് കുമാർ പാലക്കയത്ത് നിയമിതനായത്. കൈക്കൂലി കണക്കു പറഞ്ഞ് വാങ്ങിയിരുന്നതായി നാട്ടുകാർ പറയുന്നു. പണം കൊടുത്തില്ലെങ്കിൽ മാസങ്ങളോളം നടത്തിക്കും. 500 മുതൽ 10,000 രൂപ വരെ കൈക്കൂലിയായി വാങ്ങും. പണമില്ലെങ്കിൽ മറ്റു സാധനങ്ങളും സ്വീകരിക്കും. പുഴുങ്ങിയ മുട്ടയും തേനും മുതല്‍ ജാതിക്കയും കുടംപുളിയും വരെ ഇയാള്‍ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

കൈക്കൂലിയായി പണം മാത്രമല്ല, എന്ത് കിട്ടിയാലും സുരേഷ് കുമാർ സ്വീകരിച്ചിരുന്നുവെന്ന് വിജിലൻസ് സംഘം പറയുന്നു. പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടു കണക്കിന് പേനകൾ എന്നിവ സുരേഷ് കുമാറിന്‍റെ മുറിയിൽ നിന്ന് വിജിലൻസ് കണ്ടെടുത്തിരുന്നു. ഒരുലിറ്ററിന്റെ പത്തുകുപ്പികളിലായാണ് തേൻ സൂക്ഷിച്ചിരുന്നത്. മുറിയിൽ കാർഡ് ബോർഡ് പെട്ടികളിലും പ്ലാസ്റ്റിക് കവറുകളിലുമൊക്കെയാണ് നോട്ടുകെ‌ട്ടുകൾ സൂക്ഷിച്ചിരുന്നത്.

വളരെ ലളിതമായ ജീവിതമായിരുന്നു അവിവാഹിതനായ സുരേഷ് കുമാറിന്റേത്. സ്വന്തമായി കാറോ ഇരുചക്ര വാഹനമോ ഇല്ല. 2500 രൂപ പ്രതിമാസ വാടകയുള്ള മുറിയിലാണ് സുരേഷ് കുമാർ താമസിച്ചിരുന്നത്. വീട് വയ്ക്കാനാണ് പണം സ്വരുക്കൂട്ടിയതെന്നാണ് ഇയാൾ നൽകിയിരിക്കുന്ന മൊഴി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Bribery case village field assistant suresh kumar suspended