കൊച്ചി: ഓപ്പറേഷൻ കുബേര കേസ് അട്ടിമറിക്കുന്നതിന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന കേസിൽ എറണാകുളം നോർത്ത് പോലീസ് സിഐ ടിബി വിജയനെ സസ്പെന്റ് ചെയ്തു. ഇയാൾ പീഡനക്കേസ് ഒത്തുതീർപ്പാക്കിയെന്നും സ്പെഷൽ ബ്രാഞ്ച് കണ്ടെത്തലുണ്ട്. ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങി കുബേര കേസ് ഒത്തുതീർപ്പാക്കിയെന്നാണ് സ്പെഷൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഐജി പി.വിജയൻ ഇയാളെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്ത് ഉത്തരവിട്ടത്.
2015 ൽ റിപ്പോർട്ട് ചെയ്ത ഓപ്പറേഷൻ കുബേര കേസിലാണ് ടിബി വിജയൻ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടത്തിയത്. എന്നാൽ കേസിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം മൂവാറ്റുപുഴ സ്വദേശിനിയെ 25 പേർ പീഡിപ്പിച്ച കേസിലാണ് ഒത്തുതീർപ്പ് നടത്തിയതായി ആരോപണം ഉള്ളത്.
ഇവന്റ് മാനേജ്മെന്റ് കന്പനിയിൽ ജോലി നൽകാമെന്ന് പറഞ്ഞ് പാലാരിവട്ടത്ത് എത്തിച്ചാണ് ഇവരെ പീഡിപ്പിച്ചത്. ഇവിടെയൊരു ഫ്ലാറ്റിൽ ഇവരെ ദിവസങ്ങളോളം പൂട്ടിയിട്ട് പലർക്കായി കാഴ്ചവച്ചെന്ന് പറയപ്പെടുന്നു. കേസിൽ പ്രതികളുടെ പക്കൽ നിന്ന് ഏഴ് ലക്ഷം രൂപ വീതം പിരിച്ചെടുത്ത ശേഷം അഞ്ച് ലക്ഷം പെൺകുട്ടിക്കും, ബാക്കി തുക പൊലീസുകാർ വീതം വച്ചെടുത്തതായും പറയുന്നു.