കൊച്ചി: കോഴ ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസഫ് കിടങ്ങൂര്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. സെക്രട്ടറിക്കു കൈമാറിയ രാജിക്കത്ത് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് സ്വീകരിച്ചു. അസോസിയേഷന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ തനിക്കെതിരെ ഗൂഢാലോചനയെന്ന് സൈബി ആരോപിച്ചു.
ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ കക്ഷികളില്‍നിന്ന വന്‍ തുക കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ സൈബിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം തുടരുകയാണ്.
അഴിമതി നിരോധന നിയമം, വഞ്ചനാക്കുറ്റം എന്നീ കുറ്റങ്ങള്‍ പ്രകാരമുള്ള കേസ് ക്രൈംബ്രാഞ്ച് എഡി ജി പി ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ മേല്‍നോട്ടത്തില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി കെ.എസ് സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്.
ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും തനിക്കെതിരായ നീക്കത്തിനു പിന്നില്‍ ചില അഭിഭാഷകരാണെന്നുമാണു സൈബിയുടെ വാദം. അഭിഭാഷക അസോസിയേഷന്‍ തിരഞ്ഞെടുപ്പ് മുതല്‍ തനിക്കെതിരെ നീക്കമുണ്ട്. നാലു അഭിഭാഷകരാണ് ഇതിനു പിന്നില്‍. രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയതിനു പിന്നിലും ഇവരാണ്. തന്റെ അഭിഭാഷക ഭാവി തകര്‍ക്കാനാണു ശ്രമമെന്നും കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സൈബി ആവശ്യപ്പെട്ടിരുന്നു. പൊലീസ് മേധാവി അനില്‍ കാന്തിനെ എതിര്‍കക്ഷിയാക്കിയായിരുന്നു സൈബിയുടെ ഹര്‍ജി.
എന്നാല്‍, ആരോപണത്തില്‍ സത്യം പുറത്തുവരണമെന്ന നിലപാടാണു ഹൈക്കോടതി സ്വീകരിച്ചത്. ഗൂഢാലോചനയുണ്ടെങ്കില്‍ അതു പുറത്തുകൊണ്ടുവരണമെന്നും കേസ് റദ്ദാക്കണമെന്ന ആവശ്യം അപക്വമാണെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നിരീക്ഷിച്ചു.
അന്വേഷണം ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ എന്തിനാണു ധൃതിപിടിച്ച് ഇത്തരമൊരു ഹര്‍ജിയെന്നു കോടതി ചോദിച്ചു. ആരോപണത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് അന്വേഷണം നടത്തുകയെന്നത് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ്. ആരോപണങ്ങള്‍ നിയമസംവിധാനത്തെ ബാധിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.
ആരോപണത്തില്‍ കഴമ്പുണ്ടെന്ന നിലപാട് കോടതിക്കില്ല. ജുഡിഷ്യറിക്കും ജഡ്ജിമാര്‍ക്കുമെതിരായ ആരോപണങ്ങളെഎന്ന നിലയിലല്ല കേസ് പരിഗണിക്കുന്നത്. അന്വേഷണം നടക്കട്ടെ. കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അവയുടെ നിയമസാധുത പരിശോധിച്ച് തീരുമാനമെടുക്കുമെന്നും കോടതി പറഞ്ഞു.