തിരുവനന്തപുരം: ബ്രൂവറിയില്‍ സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി കൂടുതൽ വിവരങ്ങൾ പുറത്ത്. ബ്രൂവറി തുടങ്ങാൻ അപ്പോളോയ്ക്ക് അനുമതി നൽകിയത് ആദ്യം തള്ളിയ അപേക്ഷ തന്നെ പരിഗണിച്ചാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

അപ്പോളോയുടെ ബ്രൂവറി തുടങ്ങാനുളള ആദ്യത്തെ അപേക്ഷ അബ്കാരി നയം ബ്രൂവറി തുടങ്ങുന്നതിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് വകുപ്പ് തളളിയത്. എന്നാൽ പിന്നീട് ഇതേ അപേക്ഷയ്ക്ക് തന്നെ അനുമതി നൽകുകയായിരുന്നു. ഈ രണ്ട് നിലപാടും മന്ത്രി ടി.പി.രാമകൃഷ്ണനാണ് സ്വീകരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

ബ്രൂവറി തുടങ്ങാനുളള രണ്ട് അപേക്ഷയിലും ഒരേ സ്ഥലമാണ് അപ്പോളോ ചൂണ്ടിക്കാട്ടിയത്. ബ്രൂവറിക്കുളള അനുമതി റദ്ദാക്കിയത് കുറ്റവാളികളെ രക്ഷിക്കാനാണെന്ന് ആരോപിച്ച് സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു.

എക്സൈസ് വകുപ്പ് ബ്രൂവറി അനുമതി നൽകിയതിന് പിന്നിൽ സർക്കാരിന്റെ സാമ്പത്തിക താത്പര്യം മാത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎമ്മിന്റെ പാർട്ടി ഫണ്ടിലേക്ക് ധനസമാഹരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കിൻഫ്രയിൽ ലാൻഡ് അനുവദിക്കാൻ അനധികൃതമായി ലെറ്റർ നൽകിയ ഉദ്യോഗസ്ഥന് എതിരെ അന്വേഷണം ഇല്ലേയെന്നും ചെന്നിത്തല ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook