തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ സര്‍ക്കാറിനെതിരെ പുതിയ ആരോപണവുമായി വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കാലത്ത് ടോം ജോസ്, ശ്രീചക്ര ഡിസ്റ്റിലറിക്ക് ലൈസന്‍സ് നല്‍കുന്നതിനെ എതിർത്തിരുന്നുവെന്നും, എന്നാൽ രഹസ്യമായി അനുമതി നല്‍കുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ശ്രീചക്ര ഡിസ്റ്റിലറി നൽകിയ അപേക്ഷ ഏഴ് മാസവും എട്ട് ദിവസവും എക്സൈസ് മന്ത്രിയുടെ ഓഫീസില്‍ കിടന്നു. പിന്നീട് ഈ വർഷം ജൂലൈ ഏഴിനാണ് ഡിസ്റ്റിലറിക്ക് അനുമതി നല്‍കുന്നത്. കേരളം പ്രളയത്തില്‍ മുങ്ങിയ ഈ ദിവസങ്ങളില്‍ ശ്രീചക്ര ഡിസ്റ്റിലറിയുടെ ഫയല്‍ മുഖ്യമന്ത്രി പരിഗണിച്ചതും അനുമതി നല്‍കിയതും ‘ഡീലുറപ്പി’ക്കാനാണെന്ന് ചെന്നിത്തല ആരോപിച്ചു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് പണം നൽകിയതിന്, മദ്യ രാജാക്കന്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍‌കിയ പ്രത്യുപകാരമാണിതെന്ന് ചെന്നിത്തല ആരോപിച്ചു. കിന്‍ഫ്രാ ഇന്‍ഫോടെക്കില്‍ ബ്രൂവറി അനുവദിച്ചതിലും അഴിമതിയുണ്ട്. ഭൂമി അനുവദിക്കാന്‍ അധികാരമില്ലാത്ത കിന്‍ഫ്രയിലെ ജനറല്‍ മാനേജര്‍ എങ്ങിനെയാണ് ബ്രൂവറിക്ക് സ്ഥലം അനുവദിച്ചതെന്ന് ചെന്നിത്തല ചോദിച്ചു.

എക്സൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ ബ്രൂവറി ഫയല്‍ കെട്ടിക്കിടന്നത് മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലേയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. കൂടുതല്‍ മദ്യ നിര്‍മ്മാണശാലകള്‍ തുറക്കാനുളള ഇടതു നയം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയാതതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ശ്രീചക്ര ഡിസ്റ്റിലറിക്ക് ലൈസന്‍സിന് അനുമതി എഴുതി നല്‍കിയത് മലയാളത്തിലാണ്. ടോം ജോസ് അനുമതി നൽകുന്നതിനെ എതിർത്തിരുന്നോ ഇല്ലേ എന്നതടക്കം, ഞാൻ പറഞ്ഞ എല്ലാ കാര്യവും ആർക്കും പരിശോധിക്കാം. തന്‍റെ ആരോപണം തെറ്റെന്ന് തെളിയിക്കാന്‍ എക്സൈസ് മന്ത്രിയെയും മുഖ്യമന്ത്രിയേയും പ്രതിപക്ഷനേതാവ് വെല്ലുവിളിച്ചു. ബ്രൂവറി അനുമതിയിലൂടെ സർക്കാർ അഴിമതി നടത്തിയെന്നും എക്സൈസ് മന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.