/indian-express-malayalam/media/media_files/uploads/2018/08/pinarayi-2.jpg)
തിരുവനന്തപുരം: ബ്രൂവറികൾക്കും ഡിസ്റ്റിലറിക്കും നൽകിയ അനുമതി സർക്കാർ റദ്ദാക്കി. വിവാദങ്ങൾ ഒഴിവാക്കാനായി കൂടുതൽ പരിശോധനകൾക്കുശേഷം മാത്രമേ അനുമതി നൽകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയത്തിൽ തകർന്ന കേരളത്തെ പുനഃസൃഷ്ടിക്കുകയാണ് സർക്കാരിന്റെ ഇപ്പോഴത്തെ മുൻഗണന. അനാവശ്യ വിവാദങ്ങളിൽ ഇത് മുങ്ങിപ്പോകാതിരിക്കാനാണ് അനുമതി റദ്ദാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്രൂവറികളും ഡിസ്റ്റലറിയും അനുവദിച്ചത് ചട്ടവിരുദ്ധമായാണെന്നും ഇതില്‍ അഴിമതിയുണ്ടെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണം പുകമറ സൃഷ്ടിക്കാനുളള ശ്രമമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനുമതി നൽകിയ സർക്കാർ നടപടി ക്രമങ്ങളിൽ ഒരു വിട്ടു വീഴ്ചയും ഉണ്ടായിട്ടില്ല. ഇനിയും അപേക്ഷ സ്വീകരിച്ച്, അര്‍ഹരായവര്‍ക്ക് മദ്യനിര്‍മ്മാണശാലകള്‍ ആരംഭിക്കാന്‍ അനുവാദം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു
അതിനിടെ, ബ്രൂവറി വിവാദം സർക്കാരിന് പാഠമാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പുതിയ തീരുമാനങ്ങൾ എടുക്കുമ്പോൾ ഇതൊരു പാഠമാകണം. ഇത്തരം വിഷയങ്ങളെ സർക്കാർ ഗൗരവമായി കാണണമെന്നും കാനം പറഞ്ഞു.
സംസ്ഥാനത്ത് മൂന്നു ബീയർ ഉൽപാദന കമ്പനികളും (ബ്രൂവറി) ഒരു മദ്യനിർമാണശാലയും (ഡിസ്റ്റിലറി) അനുവദിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയും ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആരോപിച്ചത്. ഇതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.