കൊച്ചി: ആരോഗ്യ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീ. സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ മികവുറ്റതാണ്. ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ രംഗത്ത് കേരളത്തില്‍ നടക്കുന്നതെന്നും ബ്രെറ്റ് ലീ പറഞ്ഞു. ശ്രവണ വൈകല്യ ചികിത്സയുടെ ലോക ബ്രാന്‍ഡ് അംബാസിഡറായ ബ്രെറ്റ് ലീ ഇപ്പോള്‍ കേരളത്തിലുണ്ട്. റെഡ് എഫ്എമ്മില്‍ അതിഥിയായി എത്തിയപ്പോഴാണ് കേരളത്തിലെ ആരോഗ്യ രംഗത്തെ അദ്ദേഹം പുകഴ്ത്തിയത്.
തനിക്ക് ഹിന്ദി കുറച്ച് മാത്രമേ അറിയൂ എന്ന് പറഞ്ഞ ബ്രെറ്റ് ലീ മലയാളത്തില്‍ ‘നമസ്കാരം’ പറയുകയും ചെയ്തു. സെപ്റ്റംബര്‍ രണ്ട് തിങ്കളാഴ്ച അദ്ദേഹം തൃശൂര്‍ ജൂബിലി മിഷന് ആശുപത്രി സന്ദര്‍ശിക്കും. ശ്രവണ വൈകല്യങ്ങളെയും നവജാത ശിശുക്കളിലുള്ള കേൾവി പരിശോധനയുടെയും പ്രാധാന്യത്തെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് അദ്ദേഹം എത്തുന്നത്. ജൂബിലി മിഷൻ ആശുപത്രി കോൺഫറൻസ് ഹാളിൽ 11.30 -ന് കോളേജ് വിദ്യാർഥികളുമായി ബ്രെറ്റ് ലീ സംവദിക്കും.
Read Also: പ്രതിസന്ധികളെ ആത്മധൈര്യം കൊണ്ട് മറികടന്നവരാണ് മലയാളികള്‍: സച്ചിന് ടെന്‍ഡുല്‍ക്കര്‍
നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന്റെ മുഖ്യാതിഥിയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഇന്നലെ കേരളത്തിലെത്തിയിരുന്നു. പരിപാടിക്കിടെ കേരളത്തെ വാനോളം പുകഴ്ത്തിയാണ് സച്ചിൻ പ്രസംഗിച്ചത്. വളരെ ആകാംക്ഷയോടെയാണ് താന്‍ ഇവിടെ ആയിരിക്കുന്നതെന്ന് സച്ചിന് പറഞ്ഞു. കേരളത്തില്‍ എത്തിയപ്പോഴെല്ലാം വലിയ സ്നേഹവും കരുതലും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് സച്ചിന് ഓര്‍ത്തു. “ഇന്ന് ഇവിടെ എത്തിയപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമ്മാനമാണ് ലഭിച്ചത്.” കൈകള്‍ ഇല്ലാത്ത പ്രണവ് എന്ന യുവാവ് സമ്മാനിച്ച ചിത്രം ഉയര്‍ത്തികാണിച്ച് സച്ചിന് പറഞ്ഞു. പ്രണവ് കാല് വിരലുകള്‍ കൊണ്ട് വരച്ച ചിത്രമാണിതെന്നും സച്ചിന് പ്രസംഗത്തില്‍ പറഞ്ഞു.
“കേരളം കഴിഞ്ഞ ഏതാനും നാളുകളില്‍ ഏറെ ബുദ്ധിമുട്ടിലായിരുന്നു. പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് കേരളം പ്രതിസന്ധിയിലായി. കുറേ നഷ്ടങ്ങളുണ്ടായി. എന്നാല്‍, എല്ലാ പ്രതിസന്ധികളെയും ആത്മധൈര്യം കൊണ്ടും മനക്കരുത്ത് കൊണ്ടും മലയാളികള്‍ മറികടന്നു. ഇപ്പോള്‍ എല്ലാം സാധാരണ നിലയിലായിരിക്കുന്നു.”-സച്ചിന് ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു.