Latest News

സുധാകരന്റെ കത്തി പരാമർശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാൻസിസിന്റെ മകൻ

നായനാര്‍ മന്ത്രിസഭയില്‍ പിണറായി വിജയന്‍ വൈദ്യുത മന്ത്രിയായിരിക്കെ കൂരാച്ചുണ്ടില്‍ വന്നപ്പോള്‍ തന്റെ പിതാവിനെ അന്വേഷിക്കുകയും വേദിക്കരികിലേക്ക് വിളിപ്പിച്ച് ഏറെ നേരം സംസാരിക്കുകയും ചെയ്തുവെന്ന് ജോബി ഫ്രാൻസിസ്

K Sudhakaran, Pinarayi vijayan, Pinarayi vijayan K Sudhakaran controversy, Francis, Jobi Francis, Brennan college issue controversy, K Sudhakaran blames Pinarayi Vijayan, Ramesh Chennithala, pinarayi vijayan, K Sudhakaran, Kannur politics, Pinarayi against Vijayan K Sudhakaran, ie malayalam

കോഴിക്കോട്: തന്റെ പിതാവ് ഫ്രാന്‍സിസ് തലശേരി ബ്രണ്ണന്‍ കോളജ് പഠനകാലത്ത് 24 മണിക്കൂറും കത്തി കൊണ്ടുനടന്ന ആളായിരുന്നെന്ന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പരാമര്‍ശത്തിനെതിരെ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജോബി ഫ്രാന്‍സിസ്. പ്രസ്താവന വലിയ വേദന ഉളവാക്കിയെന്നും സുധാകരന്‍ മാപ്പു പറയുകയോ തിരുത്തുകയോ ചെയ്തില്ലെങ്കില്‍ നിയമപരമായ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും ജോബി ഫ്രാന്‍സിസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”ആദ്യ കാലഘട്ടത്തില്‍ കെഎസ്‌യുക്കാരനായിരുന്നുവെന്നാണ് പിതാവ് തന്നോട് പറഞ്ഞിട്ടുള്ളത്. പില്‍ക്കാലത്ത് മരിക്കുന്നതു വരെയും സിഐടിയുവിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. കോഴിക്കോട് ദേവഗിരി കോളജില്‍നിന്ന് പ്രീ യൂണിവേഴ്‌സിറ്റി കഴിഞ്ഞ് ബ്രണ്ണന്‍ കോളജില്‍ പഠിക്കുമ്പോള്‍ നല്ല വോളിബോര്‍ കളിക്കാരനായിരുന്നു. യൂണിവേഴ്‌സിറ്റി പ്ലേയര്‍ ആയിരുന്നു. നല്ല തൂക്കവും നീളവും ഉളള ആളായിരുന്ന അദ്ദേഹം ഒരിക്കലും കായികാഭ്യാസി എന്ന നിലയില്‍ സഹജീവികളോട് ഉപദ്രവകരമായ കാര്യങ്ങള്‍ ചെയ്യണമെന്ന് ചിന്തിക്കുന്ന ആളായിരുന്നില്ല. കലാലയ രാഷ്ട്രീയത്തില്‍ ചിലപ്പോള്‍ ചില ഉന്തും തള്ളുമൊക്കെ നടന്നിട്ടുണ്ടാവും. ഇല്ല എന്നൊന്നും പറയാന്‍ താല്‍പ്പര്യപ്പെടുന്നില്ല. അതൊക്കെ കൃത്യമായി അറിവുളളതുമല്ല. പക്ഷേ കത്തി 24 മണിക്കൂറും കൊണ്ടുനടക്കുന്ന ആളായിരുന്നുവെന്ന് പിതാവിനെക്കുറിച്ച് കേള്‍ക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല,” ജോബി ഫ്രാന്‍സിസ് പറഞ്ഞു.

ഞങ്ങള്‍ മക്കളെയൊക്കെ നല്ല രീതിയില്‍ നോക്കുകയും നാട്ടുകാരോട് ഒത്തിരി കരുണ കാണിക്കുകയും ചെയ്ത ഒരാളായിട്ടാണ് തനിക്ക് പിതാവിന്റെ വേര്‍പാടിനുശേഷവും സ്മരിക്കാന്‍ കഴിയുക. സുധാകരന്റെ പ്രതികരണം വലിയ വേദന ഉളവാക്കിയ സംഭവമാണ്. അദ്ദേഹം മാപ്പു പറയുകയോ പ്രസ്താവന തിരുത്തുകയോ ചെയ്യണം.

പിതാവ് വിഭ്യാഭ്യാസകാലത്ത് മൂന്നാം കിട ക്രിമിനലായിരുന്നുവെന്നാണ് കത്തി പരാമര്‍ശത്തിലൂടെ സുധാകരന്‍ മുന്നോട്ടുവയ്ക്കുന്നത്. വാക്കുകള്‍ എവിടെയും എങ്ങനെയും ഉപയോഗിക്കാമെന്നത് ഒരു നേതാവിനു ഭൂഷണമല്ല. അത് തിരുത്തിയില്ലെങ്കില്‍ അദ്ദേഹം നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനത്തിന്റെ അവസ്ഥ ഇനിയും മോശമാകും.

Also Read: തന്നെ ചവിട്ടി വീഴ്ത്തിയെന്നത് സുധാകരന്റെ സ്വപ്നം മാത്രം: മുഖ്യമന്ത്രി

ഊരിപ്പിടിച്ച കത്തിയുമായി ഫ്രാന്‍സിസ് സ്റ്റേജിലേക്ക് കയറിയെന്നതും മൈക്കെടുത്ത് പിണറായിയെ അടിക്കാന്‍ ശ്രമിച്ചുവെന്നതും ഒരു കാരണവശാലും നടക്കാന്‍ സാധ്യതയില്ലാത്ത കാര്യമാണ്. കാരണം നായനാര്‍ മന്ത്രിസഭയില്‍ പിണറായി വിജയന്‍ വൈദ്യുത മന്ത്രിയായിരിക്കെ കൂരാച്ചുണ്ടില്‍ വന്നപ്പോള്‍ തന്റെ പിതാവിനെ അന്വേഷിക്കുകയും വേദിക്കരികിലേക്ക് വിളിപ്പിക്കുകയും ചെയ്തു. തിരക്കുകള്‍ക്കിടയിലും പോലും പിതാവിനോട് വളരെയേറെ സംസാരിച്ചിട്ടാണ് പിണറായി പോയത്. താനന്ന് വേദിയുടെ അടുത്തുണ്ട്.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടപ്പോള്‍ തന്റെ പിതാവിന്റെ വിളിപ്പേര് വിളിച്ച് തന്നെ ആശ്ലേഷിച്ചു. ഒരു കാരണവശാലും പിണറായി വിജയനോട് തന്റെ പിതാവ് ഈ രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് ഓര്‍മിച്ചെടുക്കാന്‍ പോലും തനിക്ക് കഴിയുകയില്ല. പിണറായി വിജയനെ പോലുള്ള വലിയൊരു നേതാവിനെക്കുറിച്ച് ഇങ്ങനെയൊരു പ്രതികരണം സുധാകരന്റെ ഭാഗത്തുനിന്ന് ഉണ്ടായതില്‍ അമര്‍ഷമുണ്ട്. പിതാവിന്റെ കൂടെ പഠിച്ച പലരും ഞങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്നവരാണ്. ഇതുകേള്‍ക്കുമ്പോള്‍ വലിയ വേദന അവര്‍ക്കുമുണ്ടാകുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അത് ഒരു കാരണവശാലും സഹിക്കാന്‍ പറ്റുന്നതല്ല.

സുധാകരന്‍ പറഞ്ഞത് മറ്റേതെങ്കിലും ഫ്രാന്‍സിസ് ആണോയെന്ന് അറിയാന്‍ അന്ന് ബ്രണ്ണന്‍ കോളജിലുണ്ടായിരുന്ന എ.കെ.ബാലനുമായി ബന്ധപ്പെട്ടിരുന്നു. ഇന്നു രാവിലെ പിതാവിന്റെ പഴയ ഫൊട്ടോ അദ്ദേഹത്തിന് അയച്ചുകൊടുത്തു. പിതാവിനെ ഓര്‍ക്കുന്നതായും ഹോസ്റ്റല്‍ മേറ്റ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞതായും ജോബി പറഞ്ഞു.

Aslo Read: മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷ, മറുപടിയുമായി കെ.സുധാകരൻ

”ഒരിക്കല്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ഫ്രാന്‍സിസ് മര്‍ദിച്ചു. പിന്നാലെ പിണറായി വിജയന്റെ നേതൃത്വത്തില്‍ സമരം നടന്നു. ഇതിനിടെ പിണറായി ഫ്രാന്‍സിസിന്റെ അരയിലെ പിച്ചാത്തിയെക്കുറിച്ച് പറഞ്ഞു. പേരാമ്പ്രയില്‍നിന്ന് വന്ന് വിലസി നടക്കുന്ന ഒരു കെഎസ്‌യുക്കാരന്റെ അരയിലൊരു പിച്ചാത്തിയുണ്ടുപോലും. പിണറായി പറഞ്ഞു തുടങ്ങിയതും ഫ്രാന്‍സിസ് ചാടിയെഴുന്നേറ്റ്, മുണ്ട് മടക്കി കുത്തി സ്റ്റേജിലെത്തിയതും ഒപ്പം മൈക്കെടുത്ത് പിണറായിയെ ഒറ്റയടി. ഒഴിഞ്ഞു മാറിയില്ലായിരുന്നെങ്കില്‍ പിണറായിയുടെ തല പിളര്‍ന്നുപോകുമായിരുന്നു. പിന്നെ ഞങ്ങളെല്ലാവരും കൂടി പിണറായിയെയും സംഘത്തെയും അടിച്ചോടിച്ചു. ഇത്തരം അടിയും തിരിച്ചടിയും അന്ന് പതിവാണ്,” എന്നായിരുന്നു ഒരു അഭിമുഖത്തില്‍ കെ.സുധാകരന്‍ പറഞ്ഞത്.

ഇതിനു മറുപടിയായി ”ബ്രണ്ണന്‍ കോളജില്‍ കെഎസ്‌യുവിന് മൃഗീയ ആധിപത്യമുള്ള കാലത്താണ് താന്‍ അവിടെ ഉണ്ടായിരുന്നത്. ഫ്രാന്‍സിസ് കത്തികൊണ്ട് നടക്കുന്നവനാണെന്ന് അതില്‍ പറയുന്നു. കത്തി കൊണ്ട് നടക്കുന്ന പലരേയും തനിക്ക് അറിയാമെങ്കിലും ഈ ഫ്രാന്‍സിസ് എന്നുപറയുന്നയാളെ തനിക്ക് പരിചയമില്ല. എങ്ങനെയാണ് സുധാകരന് ഇത്രയും പൊങ്ങച്ചം പറയാന്‍ പറ്റുന്നത്,’ പിണറായി വിജയന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Brennan college controversy francis son demands k sudhakaran must apologize for his remarks pinarayi vijayan

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express