കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടായിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. അമിതമായ ചൂടാണ് തീപിടിത്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാലിന്യത്തിന്റെ അടിത്തട്ടില്‍ ഉയര്‍ന്ന താപിനില തുടരുകയാണെന്നും ഇനിയും തീപിടിത്തം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കണ്ടെത്തലുണ്ട്.
കഴിഞ്ഞ ദിവസവും ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റില്‍ തീപിടിച്ചിരുന്നു. സെക്ടര്‍ സെക്ടർ ഏഴിലെ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചതെന്ന് എറണാകുളം കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ് സ്ഥിരീകരിക്കുകയും ചെയ്തു. ബ്രഹ്മപുരത്ത് തുടര്‍ന്നിരുന്ന അഗ്നിരക്ഷാസേനയുടെ യൂണിറ്റുകള്‍ക്കു പുറമേ ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തിയാണ് തീയണച്ചത്.
പ്ലാന്റില്‍ രണ്ടാഴ്ചയോളം നീണ്ടുനിന്ന തീപിടുത്തത്തില്‍ കൊച്ചി നഗരവാസികള്‍ക്കുള്‍പ്പെടെ ശാരീരിക അസ്വാസ്ഥ്യം അനുവഭപ്പെട്ടിരുന്നു. തീയണച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് വീണ്ടും തീപിടിത്തമുണ്ടായത്. തീപിടിത്തതില്‍ കൊച്ചി കോര്പ്പറേഷന് 100 ദേശീയ ഹരിത ട്രൈബ്യൂണല്‍ നൂറുകോടി പിഴ ചുമത്തുകയും ചെയ്തു.
പിഴ തുക ഒരു മാസത്തിനകം ചീഫ് സെക്രട്ടറിക്ക് കൈമാറണമെന്നാണ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരിക്കുന്നത്. സംഭവത്തില്‍ ധാര്‍മ്മികമായ ഉത്തരവാദിത്തം സര്‍ക്കാര്‍ എന്തുകൊണ്ട് ഏറ്റെടുക്കുന്നില്ലെന്നും ട്രൈബ്യൂണല്‍ ചോദിച്ചു. വായുവിലും ചതുപ്പിലും വിഷപദാര്‍ത്ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായും ട്രൈബ്യൂണല്‍ അറിയിച്ചു.
ബ്രഹ്മപുരത്ത് കൃത്യതയുള്ള പ്ലാന്റ് വേണമെന്നും നിര്‍ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാല്‍ ഹരിത ട്രൈബ്യൂണലിന്റെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചി മേയര്‍ എം അനില്‍കുമാര്‍. ഇത്രയും വലിയ തുക ഇപ്പോള്‍ അടയ്ക്കാനാകില്ലെന്നാണ് മേയര്‍ നല്കുന്ന വിശദീകരണം.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ട്രൈബ്യൂണല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും ഭരണവീഴ്ചയുണ്ടായെന്നും ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.