കൊച്ചി: ബ്രഹ്മപുരത്ത് പുകയണയ്ക്കാൻ മാലിന്യം ഇളക്കി മറിച്ച് വെള്ളം പമ്പ് ചെയ്യുന്ന നിലവിലെ രീതി തന്നെയാണ് ഏറ്റവും ഫലപ്രദമെന്ന് വിദഗ്ധ സമിതി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുക അണയ്ക്കുന്നതിന് മറ്റു മാർഗങ്ങൾ ചർച്ച ചെയ്തെങ്കിലും ബ്രഹ്മപുരത്തെ സാഹചര്യത്തിൽ ഇവയൊന്നും ഫലപ്രദമല്ലെന്ന് കണ്ടെത്തി.
തീയും പുകയും പൂർണ്ണമായി അണയ്ക്കുന്നതിനാണ് പ്രാഥമിക പരിഗണന. തീപിടിത്ത സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ഇൻഫ്രാറെഡ് തെർമൽ ക്യാമറകളും എച്ച് എച്ച് ഗ്യാസ് മോണിറ്ററുകളും വാങ്ങാൻ തീരുമാനിച്ചു.പുക ഉയരുന്ന സാഹചര്യത്തിൽ റിസ്ക് അനാലിസിസ് നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകി.
തീപിടിത്തത്തെ തുടർന്ന് പ്ലാന്റിൽ അവ ശേഷിക്കുന്ന ചാരം ഉടൻ നീക്കും. മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ് നിലവില്‍. ഇതുവരെ 90 ശതമാനത്തിന് മുകളിൽ വരുന്ന പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രദേശത്തുള്ള പുക കൂടി അണയ്ക്കാനുള്ള ശ്രമം പുരഗോമിക്കുകയാണ്.
മാലിന്യ കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് പ്രധാനമായും വെല്ലുവിളിയായത്. ഇതിന് പരിഹാരമായി എസ്കവേറ്റർ/ മണ്ണുമാന്തികൾ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികൾ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പു ചെയ്താണ് പുക പൂർണമായും നിയന്ത്രണ വിധേയമാക്കുന്നത്.
രാപ്പകൽ വ്യത്യാസമില്ലാതെ തുടരുന്ന പ്രവര്‍ത്തനത്തില്‍ 170 അഗ്നിശമന സേനാംഗങ്ങളും, 32 എക്സ്കവേറ്റർ ഓപ്പറേറ്റർ മാരും, 11 നേവി ഉദ്യോഗസ്ഥരും, സിയാലിലെ നാല് പേരും, ബിപിസിഎല്ലിലെ ആറ് പേരും, 71 സിവിൽ ഡിഫൻസ് അംഗങ്ങളും, 30 കൊച്ചി കോർപ്പറേഷൻ ജീവനക്കാരും ഉദ്യോഗസ്ഥരും, 20 ഹോം ഗാർഡുകളുമാണ് പങ്കാളികളായിരിക്കുന്നത്.