കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി നിര്‍ദേശങ്ങളുമായി സംസ്ഥാന മലീനികരണ നിയന്ത്രണ ബോര്‍ഡ്. ദേശിയ ഹരിത ട്രിബ്യൂണലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ബോര്‍ഡ് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അജൈവ മാലിന്യങ്ങള്‍ ബ്രഹ്മപുരത്ത് നിക്ഷേപിക്കരുത്. ഇത്തരം മാലിന്യങ്ങള്‍ പ്രാദേശികമായി ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറണം. സാനിറ്ററി പാഡുകള്‍, ഡയപ്പുറകള്‍ എന്നിവ എളംകുളത്തെ ബയോ മെഡിക്കൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലെത്തിക്കണമെന്നും നിര്‍ദേശമുണ്ട്.
റോഡരികിൽ മാലിന്യം വലിച്ചെറിയുന്നില്ലെന്ന് ഉറപ്പാക്കാൻ മുഴുവൻ സമയം നിരീക്ഷണം. ഉറവിട മാലിന്യ സംസ്കരണം ഫ്ലാറ്റുകളിൽ നടപ്പിലാക്കണം. ജൂണ്‍ അഞ്ചിനകം നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നാണ് സംസ്ഥാന മലിനീകരണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബ്രഹ്മപുരം പ്ലാന്റിലെ ബയൊ മൈനിംഗ് പൂര്‍ണ പരാജയമാണെന്ന് ദേശിയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച സംസ്ഥാന തല നിരീക്ഷണ സമിതി കണ്ടെത്തിയിരുന്നു. ബ്രഹ്മപുരത്തുണ്ടായ സംഭവവികാസങ്ങളുടെ ഉത്തരവാദിത്തം കൊച്ചി നഗരസഭയ്ക്കാണെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിസ്ഥിതി നിയമങ്ങളും വിദഗ്ധ നിർദേശങ്ങളും പൂർണമായി ലംഘിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ സംഭവിച്ചതായും ഹരിത ട്രിബ്യൂണൽ ചെന്നൈ ബെഞ്ചിന് റിപ്പോർട്ടിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുദ്ധകാല അടിസ്ഥാനത്തിൽ മാലിന്യ മല നീക്കം ചെയ്തില്ലെങ്കിൽ തീപിടുത്തം ഇനിയും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
12 ദിവസത്തെ പ്രയത്നത്തിനൊടുവിലായിരുന്നു ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണച്ചത്. കൊച്ചിയിലെ വിവിധ മേഖലകളില്‍ വിഷപ്പുകയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. ബ്രഹ്മപുരം മേഖലയിലും സമീപ പ്രദേശത്തുമുള്ള വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്ക് അവധി നല്‍കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു.