കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീ നിയന്ത്രണവിധേയമാക്കിയതായി റിപ്പോര്‍ട്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണവിധേയമാക്കിയതോടെ കൊച്ചിയിലെ പുകയുടെ അംശം കുറിഞ്ഞിട്ടുണ്ട്.
കുണ്ടന്നൂര്‍, വൈറ്റില മേഖലകളില്‍ പുക നിലനില്‍ക്കുന്നുണ്ട്. ഇടപ്പള്ളി, പാലരിവട്ടം, കലൂര്‍ ഭാങ്ങളില്‍ പുക കുറഞ്ഞു. എന്നാല്‍ കാറ്റിന്റെ ദിശ മാറിയതോടെ പുക ആലപ്പുഴ ഭാഗത്തേയ്ക്കാണിപ്പോള്‍ നീങ്ങുന്നത്.
പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യമുള്ളതിനാൽ വിവിധ പ്രദേശങ്ങളിൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും ഇന്ന് അവധിയായിരിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കലക്ടർ അറിയിച്ചു.
ബ്രഹ്മപുരത്ത് ചവർകൂനകളിൽ പടർന്ന് പിടിച്ച തീ 80 ശതമാനം തീയണക്കാൻ കഴിഞ്ഞെന്നായിരുന്നു അഗ്നിശമന സേന ഇന്നലെ വൈകുന്നേരം അറിയിച്ചത്. മാലിന്യസംസ്‌കരണ പ്ലാന്റ് മേഖലയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി തീ പിടിക്കുന്നത് തുടരുകയാണ്. മറ്റ് പ്രദേശങ്ങളിലേക്ക് പുക പടരുന്നതാണ് പ്രധാന ആശങ്കയായി തുടരുന്നത്.
തീ പിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലുള്‍പ്പെടെയുണ്ടായ പുകയില്‍ ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. പുകമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുവരെയും കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ശ്വാസംമുട്ടല്‍ ഉള്‍പ്പടെയുള്ള അസുഖമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.