കൊച്ചി: ബ്രഹ്മപുരം മാലിന്യ ശേഖരണ പ്ലാന്റിലെ സാഹചര്യം ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിന്റെ ഡപ്യൂട്ടി ചീഫ് ജോർജ് ഹീലിയുമായി ചര്‍ച്ച് ചെയ്ത് ജില്ലാ ഭരണകൂടം. പാസ്റ്റിക്ക് മാലിന്യക്കൂനയിലെ തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്നും തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത തുടരണമെന്നും ജോര്‍ജ് ഹീലി നിർദേശിച്ചു.
ബ്രഹ്മപുരത്തെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ 11-ാം ദിവസവും തുടരുകയാണ്. കൊച്ചി നഗരത്തില്‍ ദിവസങ്ങളായി നിലനില്‍ക്കുന്ന പുകയ്ക്ക് ശമനമുണ്ടായതായാണ് ലഭിക്കുന്ന വിവരം. തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നതായി ജില്ലാ ഭരണകൂടം ഇന്നെലെ അറിയിച്ചിരുന്നു.
ഇതുവരെ 90 ശതമാനത്തിന് മുകളിൽ വരുന്ന പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. മാലിന്യ കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് പ്രധാനമായും വെല്ലുവിളിയായത്. ഇതിന് പരിഹാരമായി എസ്കവേറ്റർ/ മണ്ണുമാന്തികൾ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികൾ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പു ചെയ്താണ് പുക പൂർണമായും നിയന്ത്രണ വിധേയമാക്കുന്നത്.
രാപ്പകൽ വ്യത്യാസമില്ലാതെ തുടരുന്ന പ്രവര്‍ത്തനത്തില്‍ 170 അഗ്നിശമന സേനാംഗങ്ങളും, 32 എക്സ്കവേറ്റർ ഓപ്പറേറ്റർ മാരും, 11 നേവി ഉദ്യോഗസ്ഥരും, സിയാലിലെ നാല് പേരും, ബിപിസിഎല്ലിലെ ആറ് പേരും, 71 സിവിൽ ഡിഫൻസ് അംഗങ്ങളും, 30 കൊച്ചി കോർപ്പറേഷൻ ജീവനക്കാരും ഉദ്യോഗസ്ഥരും, 20 ഹോം ഗാർഡുകളുമാണ് ഭാഗമായിരിക്കുന്നത്.
പുകയണയ്ക്കാൻ മാലിന്യം ഇളക്കി മറിച്ച് വെള്ളം പമ്പ് ചെയ്യുന്ന നിലവിലെ രീതി തന്നെയാണ് ഏറ്റവും ഫലപ്രദമെന്ന് വിദഗ്ധ സമിതി കണ്ടെത്തി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുക അണയ്ക്കുന്നതിന് മറ്റു മാർഗങ്ങൾ ചർച്ച ചെയ്തെങ്കിലും ബ്രഹ്മപുരത്തെ സാഹചര്യത്തിൽ ഇവയൊന്നും ഫലപ്രദമല്ലെന്നും വിലയിരുത്തി.
തീയും പുകയും പൂർണ്ണമായി അണയ്ക്കുന്നതിനാണ് പ്രാഥമിക പരിഗണന. തീപിടിത്ത സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ഇൻഫ്രാറെഡ് തെർമൽ ക്യാമറകളും എച്ച് എച്ച് ഗ്യാസ് മോണിറ്ററുകളും വാങ്ങാൻ തീരുമാനിച്ചു.പുക ഉയരുന്ന സാഹചര്യത്തിൽ റിസ്ക് അനാലിസിസ് നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകിയിട്ടുണ്ട്.