കൊച്ചി: ബ്രഹ്മപുരം മാലിന്യ ശേഖരണ പ്ലാന്റിലുണ്ടായ തീപിടിത്തം ശമിപ്പിക്കാന്‍ പകലും രാത്രിയും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ തീരുമാനമായെന്ന് കൊച്ച് മേയര്‍ അഡ്വ. എം അനില്‍ കുമാര്‍. കൂടുതല്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ എത്തിച്ചതായും മേയര്‍ അറിയിച്ചു. മാസ്കുകളുടെ കുറവ് പരിഹരിച്ചെന്നും കൊച്ചിയിലെ മാലിന്യനീക്കം സാധരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ നിന്നുള്ള പുക എട്ടാം നാളും ശമിക്കാതെ തുടരുകയാണ്. തീ അണയ്ക്കാനുള്ള തീവ്രശ്രമം പുരോഗമിക്കുകയാണ്. മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പുക ബഹിർഗമിക്കുന്ന മേഖലകളിൽ മാലിന്യങ്ങൾ മാന്തി മാറ്റി അകത്തേക്ക് വെള്ളം പമ്പ് ചെയ്ത് പുകയുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തി വരുന്നത്.
അഗ്നിശമന സേനകളുടെ മുപ്പതിലധികം യൂണിറ്റ് ഫയർ എഞ്ചിനുകൾക്ക് പുറമെ ആലപ്പുഴയിൽ നിന്ന് എത്തിച്ചിട്ടുള്ള മൂന്ന് ഉയർന്ന കപ്പാസിറ്റിയുള്ള പമ്പ് സെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ച് മിനുട്ടിൽ 60,000 ലിറ്റർ എന്ന തോതിൽ വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനം തുടരുകയാണ്. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗവും ചേര്‍ന്നിരുന്നു.
ഇനിമുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകേണ്ടതില്ലെന്നാണ് പുതിയ തീരുമാനം. ജൈവമാലിന്യം കഴിവതും ഉറവിടത്തില്‍ സംസ്ക്കരിക്കാന്‍ നിര്‍ദേശം നല്‍കും. ജൈവ മാലിന്യ സംസ്ക്കരണത്തിന് വിന്‍ഡ്രോ കമ്പോസ്റ്റിങ്ങ് സംവിധാനം അടിയന്തരമായി റിപ്പയര്‍ ചെയ്യും. ബ്രഹ്മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കാനും യോഗത്തില്‍ തീരുമാനമായി.
പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചിയിലെ വിവിധ മേഖകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ആരോഗ്യ സുരക്ഷയെ മുന്‍ നിര്‍ത്തി വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവധി നല്‍കിയിരിക്കുന്നത്.
വടവുകോട് – പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകള്‍, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുന്‍സിപ്പാലിറ്റികള്‍, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ വരുന്ന പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
അങ്കണവാടികള്‍, കിന്റര്‍ഗാര്‍ഡണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഉള്‍പ്പടെ പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.