കൊച്ചി: ബ്രഹ്മപുരം മാലിന്യ ശേഖര പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം ഒന്‍പതാം ദിവസവും തുടരുന്നു. ഇന്നലെ രാത്രി നടന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് നേരിട്ടെത്തി വിലയിരുത്തി. 70 ശതമാനത്തോളം തീ അണയ്ക്കാന്‍ സാധിച്ചതായാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. മാലിന്യും മണ്ണ് മാന്തി യന്ത്രം കൊണ്ട മാറ്റിയതിന് ശേഷം കനല്‍ വെള്ളമൊഴിച്ച് കെടുത്താനാണ് ശ്രമം.
26 എസ്കവേറ്ററുകളും, എട്ട് ജെസിബികളുമാണ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. അഗ്നി രക്ഷാസേനയുടെ ഇരുനൂറ് പേരും അമ്പതില്‍പരം സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരും, 35 കോര്‍പ്പറേഷന്‍ ജീവനക്കാരും പൊലീസും പുകയണയ്ക്കുന്നതിനായുള്ള കഠിനശ്രമം തുടരുകയാണ്. പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നാണ് ലഭിക്കുന്ന സൂചനകള്‍.
ബ്രഹ്മപുരം വിഷയത്തില്‍ സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ എസ് വി ഭട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുക. തീ പിടിത്തവുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനം കൂടി ചേർത്ത് ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ആക്ഷൻ പ്ലാൻ സമർപ്പിക്കാൻ തദ്ദേശ സെക്രട്ടറിക്കും കോടതി നിർദേശം നൽകിയിരുന്നു. വിഷയത്തില്‍ കോര്‍പ്പറേഷനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഹൈക്കോടതി നടത്തിയത്.
മാലിന്യമില്ലാത്ത അന്തരീക്ഷം ജനത്തിന്റെ അവകാശമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരന് നഷ്ടമാകുന്നുണ്ട്. കൊച്ചിയിലെ വിഷപ്പുക പ്രശ്‌നത്തില്‍ കേസെടുത്തത് പൗരന്മാരുടെ അവകാശസംരക്ഷകരെന്ന നിലയിലാണന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.