കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം മനുഷ്യനിര്‍മ്മിതമാണോയെന്ന് ഹൈക്കോടതി. കൊച്ചിയിലെ മാലിന്യ സംസ്കരണം സംബന്ധിച്ച് കോടതി റിപ്പോര്‍ട്ട് തേടി. കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കോടതി.
നഗരസഭയ്ക്ക് ഒരു ഉത്തരവാദിത്തവുമില്ല, അമിക്കസ് ക്യൂറിയെ നിയമിക്കാമെന്നും ജൂണ്‍ ആറിന് മുന്‍പ് മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുമെന്നും കോടതി വ്യക്തമാക്കി. കലക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും ഹാജരാകണമെന്നും നിര്‍ദേശമുണ്ട്.
കൊച്ചി കോര്‍പ്പറേഷനെതിരെ കോടതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡും. 2016 മുതല്‍ നോട്ടീസ് നല്‍കിയിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന് ബോര്‍ഡ് അറിയിച്ചു. ബോര്‍ഡ് അധ്യക്ഷന്‍ ഓണ്‍ലൈനായാണ് ഹാജരായത്. കൊച്ചി നഗരസഭ സെക്രട്ടറിയും ഹാജരായി. കൊച്ചിയില്‍ മലിനീകരണ തോത് കൂടുതലാണെന്ന് അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ ആരെയും കുറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന നിലപാടായിരുന്നു കോടതി സ്വീകരിച്ചത്. പരസ്പരം പഴിചാരുകയല്ല വേണ്ടത് പരഹാരമാണെന്നും കോടതി പറഞ്ഞു. തീപിടിത്തവുമായി ബന്ധപ്പെട്ട് നാളെ സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പുക മൂലം കൊച്ചി ഗ്യാസ് ചേമ്പറിന് സമാനമായെന്ന് ഹൈക്കോടതി രാവിലെ പറഞ്ഞിരുന്നു.
ഇന്നലെ ഹൈക്കോടതി സ്വമേധയ എടുത്ത കേസാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് ഇടപെടല്‍ ആവശ്യപ്പെട്ട് നല്‍കിയ കത്തിനെ തുടര്‍ന്നാണ് കോടതി നടപടി. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പുക അണയ്ക്കാനുള്ള ശ്രമം ആറാം ദിവസവും തുടരുകയാണ്. പുക ശമിപ്പിക്കുന്നതിനായി വ്യോമസേനയുടെ ഹെലികോപ്റ്ററുകളിൽ നിന്ന് വെള്ളം സ്പ്രേ ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കും. നാല് മീറ്റർ വരെ താഴ്ചയിൽ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വെള്ളം പമ്പ് ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
കൊച്ചിയുടെ പല മേഖലകളിലും പുക ശമിക്കാതെ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്നും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടവുകോട്-പുത്തന്‍കുരിശ്, കിഴക്കമ്പലം കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകള്‍, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുന്‍സിപ്പാലിറ്റികള്‍ , കൊച്ചി നഗരസഭ എന്നിവിടങ്ങളിലെ അങ്കണവാടികള്‍ മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്.
ബ്രഹ്മപുരത്ത് മാലിന്യ നിക്ഷേപം സാധ്യമല്ലാത്തതിനാല്‍ പകരം ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനായി അമ്പലമേട്ടില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കിന്‍ഫ്രയുടെ ഉടമസ്ഥതയിലാണ് പ്ദേശം. ജില്ലാ ഭരണകൂടം കൊച്ചി നഗരസഭ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.