കൊച്ചി: ബ്രഹ്മപുരത്തെ തീയും പുകയും ഏറെക്കുറെ പൂര്‍ണമായി നിയന്ത്രണ വിധേയമായെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഏഴ് സെക്ടറുകളായി തിരിച്ച പ്ലാന്റ് പ്രദേശത്ത് ഇന്നലത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ എല്ലാ സെക്റ്ററുകളിലെയും തീയും പുകയും ഏറെക്കുറെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു. പുക നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്നും ഉദ്യമം അവസാനിപ്പിക്കാമെന്നുമാണ് പ്രതീക്ഷയെന്ന് കളക്ടര്‍ പറഞ്ഞു.
തീ അണഞ്ഞ ഭാഗങ്ങളില്‍ വീണ്ടും തീയും പുകയും വമിക്കാനുള്ള സാധ്യതയുള്ളതിനാല്‍ നിരന്തര നിരീക്ഷണം നടത്തും. തീ അണച്ച കൂനകളില്‍ ചെറിയ രീതിയില്‍ പോലും പുക ഉയരുന്നുണ്ടെങ്കില്‍ കണ്ടെത്താന്‍ പട്രോളിംഗ് സംഘം രംഗത്തുണ്ട്. കൂടാതെ മാലിന്യക്കൂനയിലെ കനലുകള്‍ കണ്ടെത്തുന്നതിന് തെര്‍മല്‍ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കും, കളക്ടര്‍ പറഞ്ഞു. പുകയുടെ തോതിലുണ്ടായ ഗണ്യമായ കുറവ് വായു ഗുണ നിലവാര സൂചിക( Air Quality Index)യിലും പ്രതിഫലിച്ചിട്ടുണ്ട് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വായുവിന്റെ ഗുണനിലവാരം വലിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും കളകള്ടര്‍ പറഞ്ഞു.
തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച 2 മൊബൈല്‍ യൂണിറ്റുകളും ചൊവ്വാഴ്ചയോടെ 5 മൊബൈല്‍ യൂണിറ്റുകളും പ്രവര്‍ത്തനം ആരംഭിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീല്‍ഡ് തലത്തില്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജമാക്കുന്നത്.
ഇന്ന് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് എത്തുന്ന സ്ഥലങ്ങളും സമയവും
- ചമ്പക്കര എസ്.എന്‍.ഡി.പി. ഹാളിന് സമീപം: രാവിലെ 9.30 മുതല്‍ 11 വരെ
- വൈറ്റില കണിയാമ്പുഴ ഭാഗം: രാവിലെ 11 മുതല്‍ 12.30 വരെ
- തമ്മനം കിസാന്‍ കോളനി: ഉച്ചയ്ക്ക് 12.30 മുതല്‍ 2 വരെ
- പൊന്നുരുന്നി അര്‍ബന്‍ പിഎച്ച്സിക്ക് സമീപം: ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെ
മൊബൈല്‍ യൂണിറ്റ് 2
- വെണ്ണല അര്‍ബന്‍ പിഎച്ച്സിക്ക് സമീപം: രാവിലെ 9.30 മുതല്‍ 12.30 വരെ
- എറണാകുളം പി ആന്റ് ടി കോളനി: ഉച്ചയ്ക്ക് 1.30 മുതല്‍ 2.30 വരെ
- ഉദയ കോളനി: വൈകുന്നേരം 3 മുതല്‍ 4.30 വരെ