കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബ്രഹ്മപുരത്ത് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളില്ലെന്നും കമ്പോസ്റ്റിങ്ങിനു മാത്രമാണ് സൗകര്യമുള്ളതെന്നും നിരീക്ഷണ സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ബ്രഹ്മപുരത്ത് കമ്പോസ്റ്റിങ്ങിന് അമ്പത് ശതമാനം സൗകര്യം മാത്രമാണുള്ളത്. മാലിന്യത്തില്‍ നിന്ന് ഇന്ധനം ഉത്പാദിപ്പിക്കുന്നതിന് പ്ലാന്റില്‍ നിലവില്‍ സംവിധാനങ്ങളില്ല. മാലിന്യം വേര്‍തിരിക്കുന്നതിന് യന്ത്രസൗകര്യമില്ല. മാലിന്യങ്ങള്‍ തള്ളാന്‍ ഒരു കേന്ദ്രം മാത്രമാണുള്ളതെന്നും കമ്പോസ്റ്റ് തരംതിരിക്കുന്നതിനുള്ള യന്ത്രം മാത്രമാണുള്ളതെന്നും സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞു.
പ്ലാന്റില്‍ നിന്ന് ജനവാസമേഖലയിലേക്ക് ഒരു കിലോമീറ്റര്‍ താഴെ ദൂരം മാത്രമാണുള്ളത്. കുന്നുകൂടിയ മാലിന്യങ്ങള്‍ തൊട്ടടുത്തുള്ള കടമ്പ്രയാറിലേക്ക് ഒലിച്ചിറങ്ങാന്‍ സാധ്യതയുണ്ട്. മലിനജലം സംസ്‌കരിക്കാന്‍ സംവിധാനമില്ല, മലിന ജലം ഭാഗികമായി തടസപ്പെട്ടു കിടക്കുന്നു.
അതുകൊണ്ട് തന്നെ പ്ലാന്റില്‍ വെള്ളപ്പൊക്ക സാധ്യതയുമുണ്ട്.
പ്ലാന്റില്‍ മതിയായ സിസിടിവി സംവിധാനങ്ങളോ ജലസംഭരണ സംവിധാനങ്ങളോയില്ലെന്നും ശുചിത്വമിഷന്‍ ഡയറക്ടറുടെ നേതൃത്യത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കലക്ടര്‍, ലീഗല്‍ സര്‍വീസ് അതോറിറ്റി അംഗങ്ങള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് സമിതിയിലുള്ളത്.