scorecardresearch
Latest News

കൊച്ചിയിലെ പുക: വിവിധ പ്രദേശങ്ങളിൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ

പൊതു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കലക്ടർ അറിയിച്ചു

scholl, children, ie malayalam

കൊച്ചി: ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യമുള്ളതിനാൽ വിവിധ പ്രദേശങ്ങളിൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും നാളെ (തിങ്കൾ) അവധിയായിരിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കലക്ടർ അറിയിച്ചു.

തീപിടിത്തത്തെ തുടര്‍ന്നുള്ള വിഷപ്പുക പടരാനുള്ള സാധ്യത കണക്കിലെടുത്ത് ബ്രഹ്മപുരത്തും സമീപ പ്രദേശങ്ങളിലും ആളുകള്‍ ഇന്നു വീട്ടില്‍ തന്നെ കഴിയണമെന്നു കലക്ടര്‍ ഡോ.രേണുരാജ് നിര്‍ദേശിച്ചിരുന്നു. ഞായറാഴ്ചയായതിനാല്‍ അത്യാവശ്യമില്ലാത്ത കടകളും സ്ഥാപനങ്ങളും തുറക്കരുത്. ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ സജ്ജമായിരിക്കാന്‍ ആശുപത്രികള്‍ക്കു നിര്‍ദേശം നല്‍കി. ബ്രഹ്മപുരത്ത് ഓക്‌സിജന്‍ കിയോസ്‌ക് തുറക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മലിനീകരണത്തിന്റെ പേരില്‍ ഇത്ര കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

ബ്രഹ്മപുരത്ത് ചവർകൂനകളിൽ പടർന്ന് പിടിച്ച തീയണക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. 80 ശതമാനം തീയണക്കാൻ കഴിഞ്ഞുവെന്നും ശ്രമങ്ങൾ അവസാനഘട്ടത്തിലാണെന്നുമാണ് അഗ്നിശമന സേന അറിയിച്ചിട്ടുള്ളത്. മാലിന്യസംസ്‌കരണ പ്ലാന്റ് മേഖലയില്‍ കഴിഞ്ഞ നാല് ദിവസമായി തീ പിടിക്കുന്നത് തുടരുകയാണ്. ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തീയണയ്ക്കാന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് ചിലയിടങ്ങളില്‍ നേരിയ ആശ്വാസമുണ്ടെങ്കിലും മറ്റിടങ്ങളിലേക്ക് പുക വ്യാപിക്കുന്നതും തീ അണയാത്തതും ആശങ്കയായി നില്‍ക്കുന്നു.

തീ പിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലുള്‍പ്പെടെയുണ്ടായ പുകയില്‍ ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുകമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുവരെയും കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ശ്വാസംമുട്ടല്‍ ഉള്‍പ്പടെയുള്ള അസുഖമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ കൈകാര്യം ചെയ്യുന്നതിനായി എറണാകുളം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ഉള്‍പ്പടെയുള്ള ആശുപത്രികളിലും പ്രത്യേക സജ്ജീകരണമൊരുക്കിയിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളജില്‍ സ്‌മോക് അത്യാഹിത വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചെന്നും രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ ആരോഗ്യവകുപ്പ് തുറന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Brahmapuram plant fire school holiday tomorrow in kochi