കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീപിടിച്ചതോടെ താറുമാറായ കൊച്ചിയിലെ മാലിന്യനീക്കം വരും ദിവസങ്ങളിലും തടസപ്പെടും. മാലിന്യനീക്കത്തിന് പരിഹാരം കാണാൻ ഇന്ന് ചേർന്ന യോഗത്തിൽ പരിഹാരം കാണാൻ സാധിച്ചില്ല.
മാലിന്യം സുരക്ഷിത സ്ഥാനങ്ങളിൽ സൂക്ഷിക്കാൻ കൊച്ചി മേയർ സൗമിനി ജെയിന് നിർദേശിച്ചു. ബ്രഹ്മപുരം മാലിന്യപ്ലാന്റിന്റെ പുനർനിർമ്മാണ നടപടികൾ ഒരാഴ്ചക്കുളളിൽ പൂർത്തിയാകും. ഇതിന് ശേഷമേ മാലിന്യം എടുക്കാനാവൂ എന്നാണ് മേയർ വ്യക്തമാക്കിയിരിക്കുന്നത്. അതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ തടസപ്പെട്ട മാലിന്യനീക്കം വരുന്ന ഏഴ് ദിവസങ്ങൾ കൂടി തുടരും.
എന്നാൽ ഇനിയും ബ്രഹ്മപുരം മാലിന്യ പ്ലാന്റ് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടുമായി വടവുകോട്-പുത്തൻകുരിശ് പഞ്ചായത്ത് മുന്നോട്ട് വന്നത് കൂടുതൽ പ്രതിസന്ധിയായി. മാലിന്യം സംസ്കരിക്കാൻ ശാശ്വത പരിഹാരം വേണമെന്നും ബ്രഹ്മപുരം പ്ലാന്റ് ഈ വിധത്തിൽ ഇനിയും മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നുമുളള ശക്തമായ നിലപാടിലാണ് പഞ്ചായത്ത്. പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാണ് അവരുടെ ആവശ്യം.
അതേസമയം തീപിടിത്തം ഒഴിവാക്കാനായി അഗ്നിശമന സേന നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ എഞ്ചിനീയറിങ് വിഭാഗത്തോട് മേയർ നിർദ്ദേശിച്ചു.