കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ബ്രഹ്മപുരത്തെ നിലവിലെ സാഹചര്യത്തില്‍ മാറ്റമുണ്ടാകണമെന്നും മാലിന്യ സംസ്‌കരണത്തിന് കുട്ടികള്‍ക്ക് പരീശീലനം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ഡിവിഷണന്‍ ബെഞ്ച് നിരീക്ഷണം.
ജില്ലാ കലക്ടര്‍, മലീനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ ഓണ്‍ലൈനിലാണ് ഹാജരായത്. മാലിന്യ സംസ്‌കരണത്തില്‍ കൊച്ചിക്കാരെ മുഴുവന്‍ ബോധവത്കരിക്കുന്നതിനേക്കാള്‍ നല്ലത് ആയിരം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് മൂന്ന് അമിക്കസ്‌ക്യൂറിമാരെ കോടതി നിയമിക്കും. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് പറഞ്ഞ കോടതി ഉറവിടമാലിന്യ സംസ്‌കരണത്തിന് കര്‍മ്മസേനയെ നിയോഗിക്കണമെന്നും പറഞ്ഞു.
ബ്രഹ്മപുരത്ത് തീ അണച്ച അഗ്‌നിശമന സേനയെ കോടതി അഭിനന്ദിച്ചു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് വെബ്സൈറ്റ് ആരംഭിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.