കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും പൂര്‍ണമായി കെടുത്താന്‍ ഊര്‍ജിതശ്രമങ്ങള്‍ തുടരുന്നു. കൊച്ചിയുടെ വിവിധ ഇടങ്ങളിലും ഇന്നും പുക ദൃശ്യമായി. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായി കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് നടപടികള്‍ വേഗത്തിലാക്കാനാണ് ശ്രമം. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കലക്ടര്‍ കര്‍ശന ഉത്തരവിട്ടിരുന്നു. രണ്ടുദിവസം കൊണ്ട് പുക പൂര്‍ണമായും കെടുത്താനാകുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കിയിരുന്നു.
മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തീപിടിത്തവുമായി ബന്ധപ്പെട്ട് ഇന്ന് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പുക മൂലം കൊച്ചി ഗ്യാസ് ചേമ്പറിന് സമാനമായെന്നാണ് കോടതി പറഞ്ഞത്. തീപിടിത്തത്തിന്റെ തല്‍സ്ഥിതിയും പരിഹാരനിര്‍ദേശങ്ങളും മലിനീകരണ നിയന്ത്രണ ബോര്‍ഡും കൊച്ചി കോര്‍പറേഷനുമാണ് കോടതിയെ അറിയിക്കുക. ബ്രഹ്മപുരത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാഹചര്യത്തിനനുസരിച്ച് പ്രവര്‍ത്തിച്ചില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. കേസില്‍ ഇന്ന് ജില്ലാ കലക്ടര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബ്രഹ്മപുരത്ത് മാലിന്യ നിക്ഷേപം സാധ്യമല്ലാത്തതിനാല്‍ പകരം ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി അമ്പലമേട്ടില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കിന്‍ഫ്രയുടെ ഉടമസ്ഥതയിലാണ് പ്‌ദേശം. ജില്ലാ ഭരണകൂടം കൊച്ചി നഗരസഭ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.