കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക അണയ്ക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. എസ്‌കവേറ്ററുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. രാത്രിയും പകലും എസ്‌കവേറ്ററുകള്‍ ഉപയോഗിച്ച് മാലിന്യം വലിച്ചുനീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും. ബ്രഹ്മപുരത്ത് എത്തിച്ചിട്ടുള്ള മുഴുവന്‍ എസ്‌കവേറ്ററുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കളക്ടര്‍ നിര്‍ദേശിച്ചു. എസ്‌കവേറ്ററുകളുടെ ഡ്രൈവര്‍മാരെ അഗ്‌നിരക്ഷാ സേനയുടെ പ്രവര്‍ത്തനവുമായി ഏകോപിപ്പിക്കുന്നതിന് കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി. ബ്രഹ്മപുരത്തിന്റെ സമീപ പ്രദേശങ്ങളിലെ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച് വിശദമായ പടനം നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ കളക്ടര്‍ ചുമതലപ്പെടുത്തി.
ഉദ്യോഗസ്ഥര്‍ക്കൊപ്പം കളക്ടര്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റിലെത്തി. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം. അനില്‍ കുമാര്‍, പി.വി. ശ്രീനിജിന്‍ എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ അഗ്‌നിരക്ഷാ സേന, കോര്‍പ്പറേഷന്‍, പോലീസ്, ആരോഗ്യം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. അഗ്‌നിരക്ഷാ സേനയ്ക്കൊപ്പം മാലിന്യക്കൂമ്പാരത്തിനു മുകളിലേക്ക് നടന്നു കയറിയ കളക്ടര്‍ എസ്‌കവേറ്ററുപയോഗിച്ച് നടത്തുന്ന പുകയണയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ചു. മാലിന്യപ്ലാന്റിലെ പ്രവര്‍ത്തനങ്ങളും വിശദമായി മനസിലാക്കി. മേയര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം കളക്ടര്‍ക്ക് വിശദീകരിച്ചു നല്‍കി. പുക ശമിപ്പിക്കല്‍ പൂര്‍ത്തിയാക്കാനുള്ള പ്രദേശങ്ങള്‍ അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ വിശദീകരിച്ചു. പുക അണയ്ക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായി പരിശ്രമം ആവശ്യമാണെന്നും ജില്ലാ ഭരണകൂടം, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുസമൂഹം എന്നിവര്‍ ഒറ്റക്കെട്ടായി നിന്നാലേ പ്രതിസന്ധി പരിഹരിക്കാനാകൂ എന്നും കളക്ടര്‍ പറഞ്ഞു. ബ്രഹ്മപുരത്ത് തീയണയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കും.
പ്ലാന്റില്‍ പുക ശമിപ്പിക്കാന്‍ നേവിയുടെയും വ്യോമസേനയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കോര്‍പ്പറേഷന്‍, ഫയര്‍, റവന്യൂ, ആരോഗ്യം, പോലീസ് തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ നിന്നുയരുന്ന പുകയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. പുകയണയ്ക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരും ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ബ്രഹ്മപുരം പുക: കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും ആശങ്കകളും അറിയിക്കാന്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകള്‍ കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ഡി.എം.ഒ ഓഫീസിലും പ്രവര്‍ത്തിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജിലെ കണ്‍ട്രോള്‍ റൂമിലേക്ക് 8075774769 എന്ന നമ്പറിലും ഡി.എം.ഒ ഓഫീസിലെ കണ്‍ട്രോള്‍ റൂമിലേക്ക് 0484 2360802 എന്ന നമ്പറിലുമാണ് ബന്ധപ്പെടേണ്ടത്.
ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ മൂന്ന് ഷിഫ്റ്റുകളിലായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെയും ഡി.എം.ഒ ഓഫീസില്‍ മൂന്ന് ഷിഫ്റ്റുകളിലായി നാല് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെയും സേവനം ലഭ്യമാണ്. പുക മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നവര്‍ക്കായി മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്.
വടവുകോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സേവനവുമുണ്ട്. തിങ്കളാഴ്ച മുതല്‍ ശ്വാസകോശ വിദഗ്ധന്റെ സേവനവും ആരംഭിച്ചിരുന്നു. പകല്‍ സമയങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാക്കുന്നത്. വ്യാഴാഴ്ച 12 പേര്‍ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളെ തുടര്‍ന്നു ഡോക്ടറെ കാണാന്‍ എത്തിയിരുന്നു. ഇതില്‍ മൂന്ന് പേര്‍ക്കായിരുന്നു പുകയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നത്.
ബ്രഹ്മപുരത്തെ ആരോഗ്യ ഉപകേന്ദ്രത്തിലും പ്രത്യേക സൗകര്യങ്ങളുണ്ട്. ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 4.30 വരെ നേഴ്‌സിന്റെയും ഒന്നിടവിട്ട ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ക്യാമ്പും നടത്തിവരുന്നു. ശ്വാസതടസം നേരിടുന്നവര്‍ക്കായി ഓക്‌സിജന്‍ പാര്‍ലറുള്ള ആംബുലന്‍സും സര്‍വസജ്ജമാണ്. പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി എലിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു. ഇവര്‍ക്കായി പ്ലാന്റിലും സമീപത്തുള്ള കെ.എസ്.ഇ.ബി സബ് സ്റ്റേഷനിലും മുഴുവന്‍ സമയ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.